തിരുവനന്തപുരം: മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുന്നതിനെ ചൊല്ലിയുള്ള വിവാദത്തിൽനിന്നൊഴിഞ്ഞ് കേന്ദ്ര ജല കമീഷൻ മുൻ ചെയർമാൻ ഡോ.കെ.സി. തോമസ്. ഇദ്ദേഹം ജല കമീഷൻ െചയർമാനായിരിക്കെയാണ് ജലനിരപ്പ് 136 അടിയിലേക്ക് താഴ്ത്തിയതും അണക്കെട്ട് ബലപ്പെടുത്താൻ നിർദേശം നൽകിയതും. പിന്നീട് ജലനിരപ്പ് 145 അടിയാക്കാൻ തീരുമാനിച്ചതും ഇദ്ദേഹത്തിൻറ കാലയളവിലാണ്. 96ാംവയസ്സിൽ വിവാദത്തിനില്ലെന്നും അന്നത്തെ കാര്യം അവിടെ അവസാനിച്ചുവെന്നും വിശ്രമജീവിതം നയിക്കുന്ന ഡോ. തോമസ് പറഞ്ഞു.
1979 ൽ അന്നത്തെ പീരുമേട് എം.എൽ.എ സി.എ. കുര്യൻ നിരാഹാരം ആരംഭിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയയുടെ അഭ്യർഥനയെ തുടർന്ന് ഡോ.കെ.സി. തോമസിനെ പ്രധാനമന്ത്രി മുല്ലപ്പെരിയാറിൽ അയച്ചത്. നവംബര്‍ 25ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ജലനിരപ്പ് 136 അടിയായി താഴ്ത്താൻ തീരുമാനിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിന് താഴെയായി പുതിയ ഡാം നിര്‍മിക്കണമെന്ന നിർദേശവും ഉന്നതതല യോഗം മുന്നോട്ട് വെച്ചു.
1979 ഡിസംബര്‍ 20ന് ഇരുസംസ്ഥാനങ്ങളിലെയും എന്‍ജിനീയര്‍മാര്‍ ഇപ്പോഴത്തെ അണക്കെട്ടിന് 1300 അടി താഴെ പുതിയ ഡാമിന് സ്ഥലം കണ്ടെത്തി. എന്നാല്‍, തമിഴ്നാടിന് നിലവിലെ അണക്കെട്ട് ബലപ്പെടുത്തുന്നതിലായിരുന്നു താല്പര്യം. അണക്കെട്ടിൻറ ഉയർന്ന ജലനിരപ്പ് 155 അടിയാണെങ്കിലും ബലക്ഷയത്തെ തുടർന്ന് 1964ൽ 152 അടിയാക്കി കുറച്ചിരുന്നു. ചോർച്ചയെതുടർന്നാണ് 1978 േമയിൽ കേന്ദ്ര ജലകമീഷന് നിർദേശപ്രകാരം ജലനിരപ്പ് 145 അടിയായി കുറച്ചത്. ചോർച്ച തുടർന്നതിനാലാണ് 1979 നവംബറില്‍ സി.എ. കുര്യന് വണ്ടിപ്പെരിയാറില്‍ നിരാഹാരസമരം ആരംഭിച്ചത്.
ഡോ. കെ.സി. തോമസ് വിരമിക്കുന്നതിന് തൊട്ടുമുമ്പ് 1980 ഏപ്രില്‍ 29ന് മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമീഷന് വിളിച്ച യോഗമാണ് അടിയന്തര ബലപ്പെടുത്തൽ പൂർത്തിയാക്കി ജലനിരപ്പ് 145 അടിയായി ഉയർത്താൻ അനുമതി നൽകിയത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് ജന്മനാടായ ഇരവിപേരൂരിൽ നിന്ന് തിരുവല്ലയിലെത്തി അവിടെ നിന്ന് കാളവണ്ടിയിൽ തിരുവന്തപുരത്ത് ഉപരിപഠനത്തിന് എത്തിയതാണ് തോമസ്. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ രണ്ടാമത് ബാച്ച് വിദ്യാർഥിയായിരുന്നു. അമേരിക്കയിൽ നിന്ന് എൻജിനീയറിങ് സയൻസിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളിയാണ്. 1950ൽ കേന്ദ്ര ജല-ഉൗർജ കമീഷൻ രൂപവത്കരിച്ചത് മുതൽ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.