സ്ഥാനക്കയറ്റം ഉപേക്ഷിക്കരുതെന്ന് ഡി.ജി.പി

തിരുവനന്തപുരം: സ്ഥാനക്കയറ്റം വേണ്ടെന്ന് വെച്ച് ഉത്തരവാദിത്തത്തിൽനിന്ന് മുങ്ങരുതെന്നും വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യണമെന്നുമുള്ള നിർദേശവുമായി ഡി.ജി.പി. ജോലിഭാരം മൂലം ലോക്കൽ പൊലീസിൽനിന്ന് ബറ്റാലിയനുകളിലേക്ക് തിരിച്ചുപോകാനും സ്ഥാനക്കയറ്റം വേണ്ടെന്നു വെക്കാനും പൊലീസുകാർ വൻതോതിൽ തിരക്കുകൂട്ടുന്ന സാഹചര്യത്തിലാണ് ഡി.ജി.പി സ്വരം കടുപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്ക് നിശ്ചിത സമയത്തിനുള്ളിൽ ഗ്രേഡ് അനുവദിക്കുന്നതിനുള്ള തീരുമാനമെടുത്തത് പ്രവർത്തനം മെച്ചപ്പെടുത്താനാണെന്നും ഡി.ജി.പി ഉത്തരവിൽ വ്യക്തമാക്കി.

നിശ്ചിത കാലാവധി പൂർത്തിയാക്കുന്നവർക്ക് ഗ്രേഡ് നൽകും. എന്നാൽ, സർവിസ് അനുസരിച്ച് ശമ്പളം വാങ്ങുമ്പോള്‍ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗ്രേഡ് മാത്രം ലഭിക്കുകയും അതിനനുസരിച്ച് ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും മാറ്റം ഇല്ലാത്തതിനാലുമാണ് പൊലീസുകാർ ഗ്രേഡ് സ്ഥാനക്കയറ്റം വേണ്ടെന്ന് വെക്കുന്നത്. നിരവധി പൊലീസുകാർ പ്രമോഷൻ സ്ഥാനക്കയറ്റം നിരാകരിച്ച് അപേക്ഷ നൽകിയിട്ടുണ്ട്. സേനയിൽ 20 വർഷമാകുമ്പോള്‍ എ.എസ്.ഐയും 25 വർഷമാകുമ്പോള്‍ ഗ്രേഡ് എസ്.ഐയുമാകും.

ഗ്രേഡ് ലഭിക്കുന്നതോടെ പുതിയ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കണം. എന്നാൽ, ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിച്ച് സ്ഥാനക്കയറ്റം വേണ്ടെന്ന് വെക്കുന്ന പ്രവണത ഏറുകയാണ്. ഗ്രേഡ് ഏറ്റെടുത്തില്ലെങ്കിലും ശമ്പളം കുറയുകയില്ലെന്ന തോന്നലാണ് ഈ നീക്കത്തിനു പിന്നിൽ. സംഘടനാ പ്രവർത്തനത്തിനുവേണ്ടിയും ഗ്രേഡ് സ്ഥാനക്കയറ്റം വേണ്ടെന്ന് വെക്കുന്നവരുണ്ട്.

പൊലീസ് അസോസിയേഷനിൽ സജീവമായി പ്രവ‍ർത്തിക്കുന്നവർക്ക് ഗ്രേഡ് പ്രമോഷൻ ലഭിച്ചാൽ ഓഫിസേഴ്സ് അസോസിയേഷനിലേക്ക് മാറേണ്ടിവരും. സ്ഥാനക്കയറ്റം ലഭിക്കുന്ന മുറക്ക് ഒഴിവുകളുള്ള സ്റ്റേഷനിലേക്ക് മാറേണ്ടിവരും. ഇത്തരം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതിരിക്കാനാണ് സ്ഥാനക്കയറ്റംതന്നെ വേണ്ടെന്ന് വെക്കുന്നത്. ഈ രീതി അനുവദിക്കില്ലെന്നുള്ള കർശന മുന്നറിയിപ്പാണ് ഡി.ജി.പിയുടേത്. 

Tags:    
News Summary - not to give up promotion- DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.