കറന്‍സി പ്രതിസന്ധി: മരമില്ലുകള്‍ പൂട്ടല്‍ ഭീഷണിയില്‍

കണ്ണൂര്‍: ഇറക്കുമതി തടികളുടെ നിയന്ത്രണത്തോടെ നേരത്തെതന്നെ ദുര്‍ബലമായ സംസ്ഥാനത്തെ മരമില്ലുകള്‍ കറന്‍സി പ്രതിസന്ധിയോടെ പൂട്ടല്‍ ഭീഷണിയിലായി.
കേരളത്തിലെ നാലായിരത്തോളം സോമില്ലുകളും ചെറുകിട ഫര്‍ണിച്ചര്‍-പൈ്ളവുഡ് വ്യവസായങ്ങളും പൂര്‍ണ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. ആഴ്ചയില്‍ മൂന്നും നാലും ദിവസം തൊഴിലാളികള്‍ക്ക് ജോലിനല്‍കാന്‍ മാത്രം ഉല്‍പാദനമില്ലാതിരുന്ന സോമില്ലുകളില്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസത്തെ ജോലിപോലും ഇല്ല.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരവ്യവസായ സ്ഥാപനങ്ങളുള്ള എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലും കണ്ണൂര്‍ ജില്ലയിലെ വളപട്ടണം മേഖലയിലും കറന്‍സി പ്രതിസന്ധി ഉടലെടുത്തശേഷമുള്ള മൂന്നാഴ്ചയില്‍ രണ്ടാഴ്ചയുടെ കൂലിപോലും തൊഴിലാളികള്‍ക്ക് നല്‍കാനായിട്ടില്ല.

കറന്‍സി പ്രതിസന്ധി ഉടലെടുത്ത ആദ്യത്തെ ആഴ്ചയില്‍ വാരാന്ത്യ കൂലിയുടെ ഒരു ഗഡുമാത്രമാണ് നല്‍കിയത്. രണ്ടാമത്തെ ആഴ്ച പോയവാരത്തിന്‍െറ കുടിശ്ശികയും കൊടുത്തു.
ഫലത്തില്‍ രണ്ടാഴ്ചയുടെ കൂലി കിട്ടാതെ മരം വ്യവസായമേഖലയിലെ തൊഴിലാളികള്‍ നെട്ടോട്ടമോടുകയാണ്. മൂന്നിലൊരു വിഭാഗം ഇതരസംസ്ഥാന തൊഴിലാളികളാണെങ്കിലും ഫര്‍ണിച്ചര്‍ നിര്‍മാണത്തിലും മറ്റും നാട്ടുകാരായ തൊഴിലാളികളാണേറെ. ഈ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന ചില ഗ്രാമങ്ങളെതന്നെ പട്ടിണിയിലേക്ക് തള്ളിവിടുമെന്നാണ് ഭീതി.  

മരം വ്യവസായത്തെ കൊഴിപ്പിച്ചിരുന്നത് മ്യാന്മറില്‍നിന്നും മറ്റുമുള്ള തടിമരങ്ങളുടെ ഇറക്കുമതിയായിരുന്നു. ഇത് നിയന്ത്രിക്കപ്പെടുകയും ഇറക്കുമതി തടികള്‍ക്ക് പകരം ഈര്‍ന്ന് പാകപ്പെടുത്തിയ പാളികളുടെ ഇറക്കുമതി വ്യാപകമാവുകയും ചെയ്തതോടെ മിക്ക സോമില്ലുകളും നേരത്തെതന്നെ പ്രതിസന്ധിയിലായിരുന്നു. മലിനീകരണ നിയന്ത്രണബോര്‍ഡ് എന്‍.ഒ.സി നിബന്ധനയുടെ പരിധി വ്യാപിപ്പിച്ച് കര്‍ശനമാക്കിയതോടെ പുതിയ മില്ലുകള്‍ തുറക്കുന്നത് പൂര്‍ണമായും സ്തംഭിച്ചിരുന്നു.
കറന്‍സി നിരോധനത്തോടെ നിര്‍മാണമേഖലയിലെ പ്രതിസന്ധിയാണ് സോമില്ലുകളെ പൂര്‍ണാര്‍ഥത്തില്‍ ശൂന്യമാക്കിയത്. ഫര്‍ണിച്ചര്‍ വ്യാപാരം പകുതിയോളം മന്ദഗതിയിലായി. ബാങ്കില്‍നിന്ന് പിന്‍വലിക്കാനുള്ള തുകയുടെ പരിധിക്കപ്പുറമുള്ളതാണ് മരം ഉരുപ്പടികളുടെ വില. ഒരിടത്തും വ്യാപാരം നടക്കുന്നില്ല.
അതേസമയം, ഏഷ്യയിലെ ഏറ്റവും വലിയ പൈ്ളവുഡ് കമ്പനിയായ വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യ പൈ്ളവുഡ്സ് ഉള്‍പ്പെടെയുള്ളവ പൈ്ളവുഡ് മേഖലയില്‍ ഉല്‍പാദനം കുറച്ചിട്ടില്ല.
 എന്നാല്‍, കരാര്‍ ജോലിയെടുക്കുന്നവര്‍ക്കുള്ള ആഴ്ചക്കൂലി നല്‍കാനാവാത്ത പ്രതിസന്ധി പരിഹരിക്കാന്‍ ചില പൈ്ളവുഡ് ഫാക്ടറികള്‍ ഉല്‍പാദനത്തിന്‍െറ വിവിധ സെഷനുകള്‍ നിര്‍ത്തലാക്കി.
സ്ഥിരം ജീവനക്കാര്‍ക്ക് വേതനം നേരത്തെതന്നെ ബാങ്ക്വഴി നല്‍കുന്നതിനാല്‍ പ്രശ്നമില്ല. കരാര്‍ തൊഴിലാളികളോട് ചില സ്ഥാപനങ്ങള്‍ കറന്‍സിക്ഷാമം പരിഹരിക്കാന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    
News Summary - note ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.