കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകി. ആദ്യം വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരുന്നത്.
എന്നാൽ, ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ചെന്നൈയിലേക്ക് പോകുന്നതിനാൽ എത്താനാകില്ലെന്നും തിങ്കളാഴ്ച ഹാജരാകാമെന്നും ദിലീപ് അറിയിച്ചിരുന്നു. ഡിവൈ.എസ്.പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുക.
നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയെങ്കിലും ദിലീപിനെ ഇതുവരെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നില്ല. അഞ്ച് വർഷത്തിന് ശേഷമാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്.കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചിട്ട് രണ്ട് മാസമായെങ്കിലും മറ്റ് തെളിവുകൾ ശേഖരിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഏറ്റവും ഒടുവിൽ ദിലീപിനെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. വധഗൂഢാലോചന കേസിൽ ദിലീപിനെ ചോദ്യം ചെയ്യാൻ ഹൈകോടതി മൂന്നു ദിവസം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.