കൊച്ചി: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ സുരേഷ് ഗോപിക്ക് ഹൈകോടതി നോട്ടീസ്. എ.ഐ.വൈ.എഫ് നേതാവ് എ.എസ്. ബിനോയ് നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്താണ് സുരേഷ് ഗോപിക്ക് സ്പീഡ് പോസ്റ്റിൽ സമൻസ് അയക്കാൻ ഉത്തരവിട്ടത്. ഹരജി നവംബർ 22ന് പരിഗണിക്കാൻ മാറ്റി.
മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി വിജയിച്ചതെന്നാണ് ഹരജിയിലെ ആരോപണം. വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു. സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.പി. അബ്ദുല്ലക്കുട്ടി ശ്രീരാമ ഭഗവാന്‍റെ പേരില്‍ വോട്ട് ചെയ്യണമെന്ന അഭ്യർഥനയാണ് നടത്തിയത്.
സുഹൃത്ത് മുഖേന സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തതിന് പുറമെ തെരഞ്ഞെടുപ്പു കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ തുക കൈമാറിയിട്ടുമുണ്ട്. വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയത് കൈക്കൂലിയാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് അഡ്വ. സന്തോഷ് പീറ്റർ മുഖേന നൽകിയ ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.