നൗഫിയ

നസ്രിയയെ തനിച്ചാക്കി നൗഫിയ യാത്രയായി

ചങ്ങരംകുളം: ശരീരമാസകലം തളർത്തിയ വൈകല്യത്തെ നിശ്ചയദാർഡ്യം കൊണ്ടും ആത്മധൈര്യം കൊണ്ട് മറികടന്ന് വിജയം കൈവരിച്ച നസ്രിയ -നൗഫിയ സഹേദരിമാരിൽ നൗഫിയ (20) അന്തരിച്ചു. ചങ്ങരംകുളം പന്താവൂരിലെ അഷ്റഫിന്‍റേയും ഫൗസിയയുടേയും മക്കളായ ഇവർ പൂക്കരത്തറ ദാറുല്‍ ഹിദായ സ്കൂൾ വിദ്യാർഥികളാണ്. പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടെയാണ് നൗഫിയയെ മരണം കവർന്നത്. പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ഇരുവരും എ പ്ലസ് നേടിയിരുന്നു.

നൗഫിയയും നസ്രിയയും

സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) എന്ന അസുഖം ബാധിച്ച് ബാല്യം മുതല്‍ വീൽചെയറിൽ കഴിയുന്ന സഹോദരിമാർ പഠനത്തിലും സംഗീതത്തിലും ചിത്രരചനയിലും മിടുക്കികളാണ്. വിവാഹത്തിൽ പങ്കെടുക്കാൻ കോഴിക്കോട് പോയ നൗഫിയക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒരു മണിയോടെ മരണത്തിന് കീഴടങ്ങി.

നസ്രിയ വീൽചെയറിലും നൗഫിയ സ്ട്രച്ചറിലുമായിരുന്നു കഴിഞ്ഞതെങ്കിലും ഇരുവരും ചിത്രം വരച്ചതും കരകൗശല വസ്തുക്കൾ നിർമിച്ചതും പാട്ടുപാടിയതും ഒരുമിച്ചായിരുന്നു. വിധി കവർന്നെടുത്ത ദുരന്തങ്ങളെ പഴിക്കാതെ പഠനവും യാത്രയും ഉല്ലാസവും കോർത്തിണക്കി മാതാപിതാക്കളും ഇവർക്ക് തുണയായി.

വൈകല്യത്തെ പരിശ്രമംകൊണ്ടു മറികടന്ന സഹോദരിമാർ ചാനലുകളിലും സോഷ്യൽ മീഡിയകളിലും താരമായിരുന്നു. ഇവർ നിർമിച്ച ഉൽപന്നങ്ങൾ ഏറെ സന്തോഷത്തോടെയാണ് സമൂഹം ഏറ്റെടുത്ത്.

നൗഫിയയുടെ മയ്യിത്ത് ശനിയാഴ്ച രാവിലെ 10 മണിയോടെ കക്കിടിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Tags:    
News Summary - noufiya obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.