പത്തനംതിട്ട: തിരുവനന്തപുരം മൈക്ക് കേസിലെ നാണക്കേടിന് പിന്നാലെ നൗഷാദ് തിരോധാന കേസിൽ പുലിവാല് പിടിച്ച് കേരള പൊലീസ്. ഭാര്യ അഫ്സാന കൊന്ന് കുഴിച്ചുമൂടിയെന്ന് പറഞ്ഞ കലഞ്ഞൂർ പാടം വണ്ടണി സ്വദേശി നൗഷാദ് തൊട്ടടുത്ത ദിവസം തന്നെ തിരിച്ചെത്തിയതാണ് പൊലീസിന് വൻ നാണക്കേടായത്. ഒന്നരവർഷം മുമ്പ് കാണാതായ തന്റെ ഭർത്താവിനെ അടുത്തിടെ അടൂരിൽവെച്ച് കണ്ടെന്ന് ആലപ്പുഴ നൂറനാട് സ്വദേശി അഫ്സാന പത്തനംതിട്ട കൂടൽ സ്റ്റേഷനിൽ ഈ മാസം 24ന് അറിയിച്ചതിനെ തുടർന്ന് അന്നുമുതൽ അവർ പൊലീസ് കസ്റ്റഡിയിലായിരുന്നു. നൗഷാദിനെ കാണാനില്ലെന്ന കേസും ഈ സ്റ്റേഷനിലാണ്.
കോന്നി ഡിവൈ.എസ്.പി ടി. രാജപ്പനും കൂടൽ പൊലീസ് ഇൻസ്പെക്ടർ പുഷ്പകുമാറും വനിത എസ്.ഐ ഷെമിമോളുമാണ് പലഘട്ടങ്ങളിലായി അഫ്സാനയെ ചോദ്യംചെയ്തത്. മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്തിരുന്ന ഭർത്താവിനെ താൻ കൊന്നുകുഴിച്ചുമൂടിയെന്നായിരുന്നു ഇവരുടെ കുറ്റസമ്മതമെന്നാണ് പൊലീസ് അറിയിച്ചത്. ഇവർ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് അറസ്റ്റ് രേഖപ്പെടുത്തിയ വ്യാഴാഴ്ചത്തെ തെളിവെടുപ്പിൽ തന്നെ വ്യക്തമായിരുന്നു.
മൂന്ന് ദിവസമായി കസ്റ്റഡിയിലുള്ള യുവതി പൊലീസിന്റെ സമ്മർദത്തിൽ മനോനില തെറ്റി പലതും പറഞ്ഞതായാണ് സൂചന. തെളിവെടുപ്പിന് എത്തിച്ചപ്പോൾ അഫ്സാന വളരെ ക്ഷീണിതയായിരുന്നു. ഇവർക്ക് മറ്റ് മാനസിക പ്രശ്നങ്ങളില്ലെന്ന് ബന്ധുക്കളും നാട്ടുകാരും സമ്മതിക്കുന്നുണ്ട്. നൗഷാദിന്റെ മൃതദേഹം അച്ചൻകോവിലാറ്റിൽ ഒഴുക്കിയെന്ന് ആദ്യം പറഞ്ഞതിനെ തുടർന്ന് അഫ്സാനയെ അവിടെ എത്തിച്ച് തെളിവെടുത്തു. പരുത്തിപ്പാറ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തെന്നായിരുന്നു അടുത്ത മൊഴി. ഇവിടെയും സ്ലാബ് മാറ്റി ഫോറൻസിക് സംഘം പരിശോധിച്ചു.
പിന്നീട് വീടിനകത്തും വീടിന് പിന്നിലെ മഴക്കുഴിയിലും കുഴിച്ചിട്ടെന്ന മൊഴിപ്രകാരം പൊലീസ് കുഴിയെടുത്ത് പരിശോധിച്ചു. അവിടെയും ഒന്നും കണ്ടെത്തിയില്ല. വ്യാഴാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട ഈ നാടകങ്ങളെല്ലാം അരങ്ങേറിയത്. തുടർച്ചയായി മൊഴിമാറ്റിപ്പറഞ്ഞിട്ടും പൊലീസ് അതെല്ലാം മുഖവിലക്കെടുക്കുകയായിരുന്നു. ഇവരെ മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തിൽ ചോദ്യംചെയ്യാനും അന്വേഷണസംഘം തയാറായില്ല.
തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് അഫ്സാനയെ മാറ്റി. ഇതിനിടെ തന്റെ വീടിന്റെ കതകും തറയും പൊളിച്ചതിന് പൊലീസ് 50,000രൂപ നഷ്ടപരിഹാരം നൽകണമെന്ന് അടൂർ പരുത്തിപ്പാറയിലെ വീട്ടുടമ കുഞ്ഞുമോൻ ആവശ്യപ്പെട്ടു. നൗഷാദും അഫ്സാനയും ഒന്നരവർഷം മുമ്പ് വാടകക്ക് താമസിച്ചിരുന്നത് ഈ വീട്ടിലാണ്.
പരസ്പരവിരുദ്ധമായി മൊഴി മാറ്റിമാറ്റിപ്പറഞ്ഞ അഫ്സാന പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തതായി ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ. ചോദ്യം ചെയ്യലിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ 177,182(പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും വ്യതിചലിപ്പിക്കുകയും ചെയ്യൽ, 201 (തെളിവ് നശിപ്പിക്കൽ ), 297(മതവികാരം വ്രണപ്പെടുംവിധം ശവക്കല്ലറയിൽ കൈയേറ്റം നടത്തൽ, മൃതദേഹത്തെ അവഹേളിക്കൽ, അപമര്യാദയായി പെരുമാറൽ എന്നിങ്ങനെ) എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. യുവാവിനെ കാണാതായതിനുള്ള വകുപ്പ് നിലനിർത്തിയും കൂടിയാണ് അന്വേഷണം തുടരുന്നതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറഞ്ഞു.
അഫ്സാന പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു -ജില്ല പൊലീസ് മേധാവി
പരസ്പരവിരുദ്ധമായി മൊഴി മാറ്റിമാറ്റിപ്പറഞ്ഞ അഫ്സാന പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തതായി ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ. ചോദ്യം ചെയ്യലിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ 177,182(പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും വ്യതിചലിപ്പിക്കുകയും ചെയ്യൽ, 201 (തെളിവ് നശിപ്പിക്കൽ ), 297(മതവികാരം
വ്രണപ്പെടുംവിധം ശവക്കല്ലറയിൽ കൈയേറ്റം നടത്തൽ, മൃതദേഹത്തെ അവഹേളിക്കൽ, അപമര്യാദയായി പെരുമാറൽ എന്നിങ്ങനെ) എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
യുവാവിനെ കാണാതായതിനുള്ള വകുപ്പ് നിലനിർത്തിയും കൂടിയാണ് അന്വേഷണം തുടരുന്നതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.