പയ്യന്നൂർ: നൂറു വർഷം പിന്നിട്ടപ്പോൾ പൊളിച്ചുമാറ്റി സിവിൽ സ്റ്റേഷൻ പണിയാൻ തീരുമാനിച്ചു സർക്കാർ. പേക്ഷ, ചരിത്രസ്നേഹികൾ വിട്ടില്ല. അവർ കോടതി വരെയെത്തി. ഒടുവിൽ സർക്കാർ ജനവികാരത്തിന് കീഴടങ്ങി പൊളിക്കൽ ഉപേക്ഷിച്ചു.
മാത്രമല്ല, പഴമ ചോരാതെ പുനർനിർമിച്ച് ചരിത്ര സ്മാരകമാക്കുകയും ചെയ്തു. ഇതാണ് പയ്യന്നൂരിലെ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിെൻറ വർത്തമാനകാല ചരിത്രം. സ്റ്റേഷൻ ഇന്ന് മ്യൂസിയമാകുന്നു. മ്യൂസിയത്തിെൻറ ഉദ്ഘാടനം ശനിയാഴ്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
1942 ഒക്ടോബർ രണ്ടിെൻറ പ്രഭാതം. സ്വാതന്ത്ര്യസമര ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട അതിസാഹസിക സംഭവം അരങ്ങേറിയ ദിനം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻറ ഉപ്പും ചോറും തിന്നുന്ന ഭീകരനായ എം.എസ്.പി നിറതോക്കുമേന്തി കണ്ണിമ പൂട്ടാതെ കാവൽ നിൽക്കുന്ന പയ്യന്നൂർ പൊലീസ് സ്റ്റേഷൻ.
അന്നത്തെ പ്രഭാതം പൊട്ടിവിടർന്നത്, സ്റ്റേഷന് മുന്നിലെ കൊടിമരത്തിൽ യൂനിയൻ ജാക്കിനു പകരം ഇന്ത്യൻ വർണപതാക പാറിക്കളിക്കുന്നത് കണ്ടുകൊണ്ടായിരുന്നു. സ്വാതന്ത്ര്യവാഞ്ഛ നെഞ്ചിലേറ്റിയ മൂന്ന് ചെറുപ്പക്കാരായിരുന്നു അതിനു പിന്നിൽ. ടി.സി.വി. കുഞ്ഞിക്കണ്ണ പൊതുവാൾ, എ.കെ. കുഞ്ഞിരാമ പൊതുവാൾ, സി.വി. കുഞ്ഞമ്പു സറാപ്പ് എന്നീ ധീരരായ സ്വാതന്ത്ര്യസമര സേനാനികൾ. ഇതുപോലെ നിരവധി സ്വാതന്ത്ര്യസമര ചരിത്രങ്ങൾക്ക് സാക്ഷ്യംവഹിച്ച പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടമാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ഗാന്ധിസ്മൃതി മ്യൂസിയമാക്കി 16ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.
സൈമൺ കമീഷൻ ബഹിഷ്കരണ സമരത്തെ തുടർന്ന് 1928ലാണ് പയ്യന്നൂരിൽ കോൺഗ്രസ് പ്രവർത്തനം ആരംഭിക്കുന്നത്. ജവഹർലാൽ നെഹ്റുവിെൻറ അധ്യക്ഷതയിൽ പയ്യന്നൂരിൽ നടന്ന നാലാമത് സംസ്ഥാന കോൺഗ്രസ് സമ്മേളനമാണ് ഇന്ത്യയുടെ പരമ ലക്ഷ്യം പൂർണ സ്വാതന്ത്ര്യമാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. കെ. കേളപ്പൻ ആയിരുന്നു അന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ്. കർഷകർക്ക് ഭൂമിയിൽ സ്ഥിരാവകാശം നൽകണമെന്ന പ്രമേയവും പ്രസ്തുത സമ്മേളനമാണ് പാസാക്കിയത്.
പൂർണ സ്വാതന്ത്ര്യ പ്രഖ്യാപനം നടപ്പിൽവരുത്താൻ ഗാന്ധിജി കണ്ടുപിടിച്ച മാർഗമായിരുന്ന ഉപ്പുനിയമ ലംഘനം. ഇതേതുടർന്ന് ഗാന്ധിജിയുടെ നേതൃത്വത്തിൽ ദണ്ഡിയാത്ര ആരംഭിച്ചു. ആ ആവേശോജ്ജ്വല യാത്രയുടെ അലയടികൾ കേരളത്തിലും ചലനമുണ്ടാക്കി. 1930 മാർച്ച് 9ന് സെൻ ഗുപ്തയുടെ അധ്യക്ഷതയിൽ വടകരയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ വെച്ച് കേരളത്തിലെ ഉപ്പു നിയമ ലംഘനത്തിന് നേതൃത്വം നൽകാൻ കെ. കേളപ്പൻ മുന്നോട്ട് വന്നു. 1930 ഏപ്രിൽ 13ന് കോഴിക്കോട് തളിക്ഷേത്രത്തിനടുത്തുള്ള വേർക്കാട്ട് ഹൗസിൽ വന്നെത്തിയവരിൽനിന്ന് കേളപ്പജി അടക്കം 33 പേർ ഉപ്പു സത്യഗ്രഹ വളൻറിയർമാരായി പയ്യന്നൂരിലേക്ക് പുറപ്പെട്ടു.
ഏപ്രിൽ 23നായിരുന്നു ഇവർ പയ്യന്നൂർ പെരുമ്പ പുഴക്കടവിനു സമീപം എത്തിച്ചേർന്നത്. ഉളിയത്ത് കടവിലെ ഉപ്പ് പടന്നയിൽ നിന്ന് മണ്ണ് വാരിക്കൊണ്ട് കേളപ്പജി ആദ്യമായി ഉപ്പ് നിയമ ലംഘനത്തിന് തുടക്കമിട്ടു. ഉപ്പു നിയമ ലംഘനം ഏതാനും ദിവസം തുടർന്നെങ്കിലും പൊലീസ് പരക്കെ അറസ്റ്റ് നടത്തുകയും ഭീകര മർദനം അഴിച്ചുവിടുകയുമുണ്ടായി. ഇതോടെ പയ്യന്നൂരിലെ ഉപ്പ് സത്യഗ്രഹം സംസ്ഥാനമൊട്ടാകെ പ്രകമ്പനം കൊള്ളിച്ച സമരമായി മാറി.
1934 ജനുവരി 12ന് ഗാന്ധിജിയും അതേവർഷംതന്നെ ഡോ. ബാബു രാജേന്ദ്രപ്രസാദും പയ്യന്നൂർ സന്ദർശിച്ചു. ശ്രീ നാരായണ ഗുരുദേവ ശിഷ്യൻ സ്വാമി ആനന്ദ തീർഥൻ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയം സന്ദർശിച്ച ഗാന്ധിജി സന്ദർശക കുറിപ്പെഴുതുകയും വിദ്യാലയ മുറ്റത്ത് ഒരു മാവിൻതൈ നടുകയും ചെയ്തു. ഇന്നത് പടർന്ന് പന്തലിച്ച് ഗാന്ധി മാവെന്ന പേരിൽ അറിയപ്പെടുന്നു.
കരിവെള്ളൂർ സമരനായകൻ എ.വി. കുഞ്ഞമ്പു ഉൾപ്പെടെയുള്ളവരുടെ രക്തം വീണ ലോക്കപ്പ് മുറിയും ഈ സ്റ്റേഷനിലാണ്. മുനയൻകുന്ന്, കോറോം തുടങ്ങി നിരവധി കർഷകസമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചതും ഇവിടെയാണ്. ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിലെ പ്രഥമ രക്തസാക്ഷി. കുഞ്ഞിരാമൻ അടിയോടിയെ അറസ്റ്റ് ചെയത് കൊണ്ടുവന്ന ചരിത്രമന്ദിരം കൂടിയാണ് പയ്യന്നൂർ പൊലീസ് സ്റ്റേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.