ഇനി രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; വാക്​സിനേഷനിൽ​ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്​

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

വാക്‌സിനേഷന്‍ സെൻററുകളില്‍ സെഷന്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് പുതിയ മാർഗനിർദേശം. ഇതിനായി കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്.

ഓരോ വാക്‌സിനേഷന്‍ സെൻററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ച് വാക്‌സിനേഷന്‍ സെൻററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയ ശേഷമെ ഓണ്‍ലൈന്‍ ബുക്കിങ്ങിനായി ആദ്യ ഡോസുകാര്‍ക്ക് സ്ലോട്ട് അനുവദിക്കുകയുള്ളൂ.

സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാക്കുന്നത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഉണ്ടാക്കുമെന്നതിനാല്‍ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് അനുവദിക്കുന്നതാണ്. ആ സമയത്ത് മാത്രമേ വാക്‌സിനേഷനായി കേന്ദ്രത്തില്‍ എത്താന്‍ പാടുള്ളൂ. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ ഉറപ്പാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും.

മെയ് ഒന്നു മുതല്‍ പുതുക്കിയ കേന്ദ്ര വാക്‌സിനേഷന്‍ നയം നടപ്പിലാക്കപ്പെടുന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങേണ്ടതാണ്. ഇപ്പോള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വാക്‌സിന്‍ ഏപ്രില്‍ 3 0ന് മുമ്പായി വാക്‌സിനേഷനായി ഉപയോഗിക്കണം.

ഇപ്പോള്‍ വാങ്ങിയ വാക്‌സി​െൻറ ബാക്കിയുണ്ടെങ്കില്‍ മെയ് ഒന്നു മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി 250 രൂപ നിരക്കില്‍ നല്‍കേണ്ടതാണ്.


Tags:    
News Summary - Now the second dose is preferred; Department of Health with new guidelines for vaccination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.