പെരുന്ന (ചങ്ങനാശ്ശേരി): മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്ന പ്രഖ്യാപിത നയത്തിൽനിന്ന് എൻ.എസ്.എസ് പിന്നോട്ടില്ലെന്ന് പൗരത്വ ഭേദഗതി നിയമം വിഷയത്തിലെ നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. 143ാമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായ അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഉണ്ടാകുന്നതിന് മുേമ്പ മതേതരത്വവും ജനാധിപത്യവും സാമൂഹിക നീതിയും മുറുകെപ്പിടിക്കാൻ മന്നത്ത് പത്മനാഭൻ പഠിപ്പിച്ചിട്ടുണ്ട്. ഇവ മൂന്നും സംരക്ഷിക്കുകയെന്നതാണ് എൻ.എസ്.എസ് നിലപാട്. പൗരത്വ നിയമഭേദഗതി വിഷയത്തിലും ഇതു തന്നെയാണ് നിലപാട്. സകല സമുദായങ്ങളും പരസ്പരം സഹകരിക്കുന്ന കേരളമാണ് മന്നത്തിെൻറ സ്വപ്നം. അതുതന്നെയാണ് ഓരോ നായരുടെയും സ്വപ്നം.
ശബരിമല വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ നിലപാട് അദ്ദേഹം ആവർത്തിച്ചു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്‍.എസ്.എസിനോട് നീതി പുലര്‍ത്തിയില്ല. സംസ്ഥാന സര്‍ക്കാർ എൻ.എസ്.എസിനെ ദ്രോഹിക്കുകയും ചെയ്തു. മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത സുകുമാരൻ നായർ ദേവസ്വം നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പാക്കാത്തതിലുള്ള പ്രതിഷേധവും വ്യക്തമാക്കി.
മുന്നാക്കക്കാരുടെ സാമ്പത്തിക സംവരണ വിഷയത്തിൽ സർക്കാറിെൻറ ഔദാര്യത്തിലായാലും നമ്മുടെ സമ്മർദത്തിലായാലും കാര്യം നടന്നു. എൻ.എസ്.എസ് ആവശ്യപ്പെട്ട മാനദണ്ഡങ്ങൾ അംഗീകരിച്ച് സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ സന്തോഷമുണ്ട്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവരണത്തിൽ ഒരു നിലപാടും ദേവസ്വം നിയമനങ്ങളിലേക്കുള്ള സംവരണത്തിൽ മറ്റൊരു നിലപാടും സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. ഈ വിഷയത്തിലെ കുരുക്ക് അഴിക്കാൻ എല്ലാ നടപടിയും സ്വീകരിക്കും.
ഒരിക്കൽ സംവരണം ലഭിച്ച വിഭാഗങ്ങൾക്ക് കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ വീണ്ടും നൽകാനുള്ള നീക്കത്തിനെതിരെ ഏതറ്റംവരെയും പോകും. സാമൂഹിക നീതിയാണ് എൻ.എസ്.എസ് ലക്ഷ്യം. എല്ലാവരോടും സമദൂരമാണെങ്കിലും അതിലെ ശരിദൂരം എങ്ങനെ പ്രയോഗിക്കുമെന്നതാണ് വിഷയം. നമ്മുടെ വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്നവർക്കെതിരെയാണ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ ശരിദൂരം കണ്ടെത്തിയത്. അത് രാഷ്ട്രീയമല്ല. എൻ.എസ്.എസിെൻറ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്താൻ ആരെയും അനുവദിക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.