എൻ.എസ്.എസിനെ തള്ളിപ്പറഞ്ഞിട്ടില്ല, ഇരിക്കാൻ പറയുമ്പോൾ കിടക്കാൻ കഴിയില്ല -വി.ഡി സതീശൻ

ഷാർജ: എൻ.എസ്.എസിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും എന്നാൽ സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ കിടക്കാൻ കഴിയില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ദുബൈയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

എല്ലാ മതവിഭാഗങ്ങളുടെയും നേതാക്കളുമായി വോട്ട് തേടി സംസാരിക്കാറുണ്ട്. എല്ലാവരെയും സഹായിക്കുകയും ചെയ്യും. എന്നാൽ വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. സമുദായ നേതൃത്വങ്ങളുമായി ഇനിയും സംസാരിക്കും.

അനുവാദം വാങ്ങിയാണ് ഓരോ സമുദായ നേതാക്കളെയും കാണാൻ പോകുന്നത്. അവർക്ക് താല്പര്യമില്ലെങ്കിൽ കാണാതിരിക്കാം. എന്നാൽ സമുദായ നേതൃത്വം ഇരിക്കാൻ പറയുമ്പോൾ കിടക്കാൻ കഴിയില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ വിഷയത്തിൽ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും നിലപാട് വിഷയാധിഷ്ഠിതമാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇത്രയും കാലം ഗവർണറും സർക്കാറും ഒരുമിച്ചായിരുന്നു പ്രവർത്തിച്ചത്. സുപ്രീംകോടതിയിൽ അടക്കം നിയമവിരുദ്ധ നിയമനങ്ങൾ രണ്ടുകൂട്ടരും ഒരേപോലെ പിന്തുണച്ചു.

ഇപ്പോൾ നടക്കുന്ന തർക്കം അതിനാൽ തന്നെ അംഗീകരിക്കാനാവില്ല. ഗവർണർ-സർക്കാർ പോര് സർവ്വകലാശാലകളിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്. ഓർഡിനൻസ് കൊണ്ടുവരുന്നതിൽ പ്രതിപക്ഷത്തോട് സംസാരിക്കാനുള്ള മര്യാദ സർക്കാർ കാണിച്ചില്ല. സർവ്വകലാശാലകളുടെ സംഘപരിവാർ വൽക്കരണം പോലെ തന്നെ അപകടകരമാണ് കമ്മ്യൂണിസ്റ്റ് വൽക്കരണം -അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കോർപ്പറേഷനിലെ മേയറുടെ കത്ത് സംബന്ധിച്ച കേസ് അന്വേഷണത്തിൽ ഒട്ടും തൃ പതിയില്ലെന്നും കുറ്റകൃത്യത്തെ വെള്ളപൂശുന്ന രീതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാനാണ് വി.ഡി സതീശൻ യു.എ.ഇയിൽ എത്തിയത്.

Tags:    
News Summary - NSS has not been rejected, it has been said that the vote of communalists is not needed -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.