മുന്നാക്ക സംവരണത്തിന്​ മുൻകാല പ്രാബല്യം വേണമെന്ന്​ എൻ.എസ്​.എസ്​

കോട്ടയം: മുന്നാക്ക സംവരണത്തിന് ഈ വർഷം ജനുവരി മുതൽ മുൻകാല പ്രാബല്യം വേണമെന്ന് എൻ.എസ്​.എസ്​. നീക്കിവെച്ച ഒഴിവുകളിലേക്ക്​ മുന്നാക്കക്കാരിൽനിന്ന്​ യോഗ്യരായ ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ അത്തരം ഒഴിവുകൾ നികത്തപ്പെടാ​െത മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു. സംവരണത്തിലെ നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്തതാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

3.1.2020 മുതൽ നടത്തിയ മുഴുവൻ നിയമനശുപാർശകളും നിയമനങ്ങളും പുനഃക്രമീകരിക്കണം. മുന്നാക്കക്കാർക്ക്​ ഇക്കാലയളവിൽ നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ ലഭ്യമാക്കണം. മുന്നാക്ക ഒഴിവിൽ യോഗ്യരായ ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടു തവണയെങ്കിലും പ്രത്യേകവിജ്ഞാപനം പുറപ്പെടുവിച്ച് ഉദ്യോഗാർത്ഥികളെ കണ്ടെത്തണം. അങ്ങനെയുള്ള വിജ്ഞാപനങ്ങൾക്കു ശേഷവും ലഭ്യമാകാതെ വന്നാൽ പൊതുവിഭാഗത്തിൽ ഇടം നേടിയ മുന്നാക്ക ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകണമെന്നും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

നിയമനടേണ്‍ പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവും സുകുമാരൻ നായർ ഉന്നയിച്ചു. നിലവിൽ 9, 19, 29, 39, 49, 59, 69, 79, 89, 99 എന്നിങ്ങനെയാണ് ടേൺ. ഈ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞത് 9 ഒഴിവുകൾ ലഭിച്ചാൽ മാത്രമേ മുന്നാക്കക്കാർക്ക്​ സംവരണ നിയമനം ലഭിക്കൂ. അതിനാൽ ടേണുകള്‍ യഥാക്രമം 3,11,23,35,47,59,63,75,87,99 എന്നിവയാക്കി നിശ്ചയിക്കണമെന്നാണ്​ ആവശ്യം.

സർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം മുന്നാക്ക സാമ്പത്തിക സംവരണം സാമൂഹ്യനീതിക്കും സംവരണത്തിൻെറ ഉദ്ദേശശുദ്ധിക്കും എതിരാണെന്ന വിമർശനം പരക്കെ ഉയരുന്നതിനിടെയാണ്​ എൻ.എസ്​.എസ്​ പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - NSS wants upper cast ews reservation previous effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.