മാള: പ്രളയത്തിൽ കേടുപാട് സംഭവിച്ചതും പരിഹരിച്ചതുമായ കെട്ടിടങ്ങളുടെ കണക്ക് ചോദിച്ചതിന് കൈയും കണക്കുമില്ലാത്ത മറുപടി. പൊതുപ്രവർത്തകനായ മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് വിവരാവകാശനിയമപ്രകാരം ചോദിച്ച ചോദ്യത്തിനാണ് ദിവസേന നൂറോളം മറുപടികളെത്തുന്നത്.
2018-2019ൽ പ്രളയത്തിൽ കേടുപാട് സംഭവിച്ചതും പരിഹരിച്ചതുമായ കെട്ടിടങ്ങളുടെ കണക്കുകൾ ചോദിച്ചാണ് ഷാന്റി ജോസഫ് വിവരാവകാശനിയമപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. സംസ്ഥാന സർക്കാറിന്റെ കൈയിൽ കണക്കുകളില്ലാത്തതിനാൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർകൂടിയായ അണ്ടർ സെക്രട്ടറി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ലാൻഡ് റവന്യൂ കമീഷണറുടെയും ഓഫിസിലേക്ക് അപേക്ഷ അയച്ചു. ദുരന്തനിവാരണ വകുപ്പിൽ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ പൊതുമരാമത്ത് കെട്ടിടവിഭാഗം സംസ്ഥാന ഇൻഫർമേഷൻ ഓഫിസർക്ക് അപേക്ഷ കൈമാറി. ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസിൽനിന്ന് സംസ്ഥാനത്തെ 14 ജില്ല കലക്ടറേറ്റുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാർക്കും അപേക്ഷ കൈമാറി.
തുടർന്ന് സംസ്ഥാനത്തെ പൊതുമരാമത്ത് കെട്ടിടവിഭാഗം സെക്ഷൻ ഓഫിസുകളിലും പിന്നീട് 1200 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും അപേക്ഷ കൈമാറിയെത്തി. അതോടെ മറുപടികളുടെ പ്രവാഹമായി. എന്നാൽ, ഓരോ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും കണക്കുകൾ വെവ്വേറെ ലഭിക്കുന്നതിനാൽ സംസ്ഥാനത്തെ മൊത്തം കണക്ക് ഏകോപിപ്പിച്ച് കിട്ടാത്ത സ്ഥിതിയായി. ചുരുങ്ങിയ ദിവസത്തിനകം നൂറുകണക്കിന് മറുപടികളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ഇവയെല്ലാം വായിച്ച് സംസ്ഥാനത്തെ മൊത്തത്തിലുള്ള കണക്ക് മനസ്സിലാക്കുക സാധ്യമല്ലെന്നും ഷാന്റി ജോസഫ് തട്ടകത്ത് പറയുന്നു.
ഷാന്റി ജോസഫിന്റെ കുടുംബം സബ് ട്രഷറിക്കായി സർക്കാറിന് വിട്ടുനൽകിയ കെട്ടിടത്തിന് പ്രളയത്തിൽ കേടുപാട് സംഭവിച്ചിരുന്നു. ഈ കേടുപാടുകൾ ഇതുവരെ പരിഹരിച്ചിട്ടില്ല. ഇതേക്കുറിച്ചുള്ള വിവരംകൂടി ലഭിക്കാനാണ് വിവരാവകാശ അപേക്ഷ നൽകിയത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ നാശനഷ്ടം വന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കുകൾപോലും സർക്കാറിന്റെ കൈയിലില്ലെന്ന് പറയുന്നത് വലിയ വീഴ്ചയാണെന്ന് ഷാന്റി ജോസഫ് പറഞ്ഞു.
ഈ കണക്കുകൾ തയാറാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് പരാതി നൽകും. വിവരാവകാശ അപേക്ഷക്ക് വ്യക്തമായ ഉത്തരം ലഭിക്കാത്തതിനാൽ സംസ്ഥാന വിവരാവകാശ കമീഷണർക്കും പരാതി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.