നിപ ലക്ഷണമുള്ളവർ 11 ആയി; എട്ട് പേരുടെ ഫലം ഇന്ന് രാത്രിയോടെ

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12വയസുകാരന്‍റെ സമ്പർക്കപ്പട്ടികയിലുള്ള 11 പേർക്ക് രോഗലക്ഷണമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എന്നാൽ, ആർക്കും തീവ്രമായ ലക്ഷണമില്ല. ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്ന പനിയും കുറഞ്ഞുവരികയാണെന്ന് മന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

251 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇവരിൽ 38 പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. എട്ട് പേരുടെ സാമ്പിൾ പരിശോധനക്ക് പുണെയിലെ ലാബിലേക്ക് അയച്ചിരുന്നു. ഇവരുടെ ഫലം ഇന്ന് രാത്രിയോടെ അറിയാനാകും.

സമ്പർക്കപ്പട്ടികയിലെ 129 പേർ ആരോഗ്യപ്രവർത്തകരാണ്. ആകെ 54 പേരാണ് ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളത്. ഇവരിൽ 30 പേർ ആരോഗ്യപ്രവർത്തകരാണ്. 

പുണെ എൻ.ഐ.വിയിൽ നിന്നുള്ള സംഘം കോഴിക്കോട് എത്തി സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിപ സ്ഥിരീകരിക്കുന്നതിനുള്ള രണ്ട് പരിശോധനയും ഇവിടെ തന്നെ നടത്താൻ കഴിയും. പരിശോധന ഫലം പുണെയിലേക്ക് അയക്കണമെന്നുണ്ട്. എന്നാൽ ഇത് ചികിത്സ ആരംഭിക്കുന്നതിന് തടസമാകില്ല. 

നിപ സാഹചര്യത്തിൽ കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസത്തേക്ക് കോവിഡ് വാക്സിനേഷൻ നിർത്തിവെച്ചു. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ആരോഗ്യപ്രവർത്തകരുടെ സഹായം തേടി പരിശോധനക്ക് വിധേയരാകാം. 

മൃഗസംരക്ഷണ വകുപ്പ് കുട്ടിയുടെ വീടും പരിസരവും സന്ദർശിച്ചിരുന്നു. വീടിനോട് ചേർന്ന് രണ്ട് റമ്പൂട്ടാൻ മരങ്ങളുണ്ട്. ഇവയിൽ വവ്വാലുകൾ വരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്നുള്ള സാമ്പിളുകൾ ശേഖരിച്ചു. വീടിനടുത്ത പുഴയുടെ അക്കരെയുള്ള വവ്വാൽ ആവാസ കേന്ദ്രത്തിൽ നിന്നും സാമ്പിളുകൾ എടുത്തിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെ ആടിന്‍റെ സാമ്പിളുകളും ശേഖരിച്ചു.

ഭോപ്പാലിൽ നിന്നുള്ള എൻ.ഐ.വി സംഘം മറ്റന്നാൾ രാവിലെയെത്തും. ഇവരും സാമ്പിളുകൾ ശേഖരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

കോഴിക്കോട് ജില്ലയിൽ മെഡിക്കൽ ഓഫിസർ, ഹെൽത് ഇൻസ്പെക്ടർമാർ, ആശ പ്രവർത്തകർ ഉൾപ്പെടെ 317  ആരോഗ്യപ്രവർത്തകർക്ക് ഇന്ന് പരിശീലനം നൽകി. 

കുട്ടിയുടെ വീടിന്‍റെ മൂന്ന് കിലോമീറ്ററിൽ കണ്ടെയിൻമെന്‍റ് മേഖലയിൽ ഫീൽഡ് നിരീക്ഷണവും കമ്യൂണിറ്റി നിരീക്ഷണവും നടക്കുന്നുണ്ട്. നാളെ മുതൽ വീടുകൾ തോറുമുള്ള നിരീക്ഷണവും നടത്തും -മന്ത്രി പറഞ്ഞു. 


Tags:    
News Summary - number of people with symptoms of Nipah has risen to 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.