തിരുവനന്തപുരം: ആശുപത്രികൾ വാക്ക് മാറ്റിയതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർ വീണ്ടും സമരത്തിലേക്ക്.
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ജൂൺ 15 മുതലാണ് സമരം ആരംഭിക്കുക. 18 മുതൽ ആശുപത്രികൾ ബഹിഷ്കരിക്കാനാണ് സ്വകാര്യ നഴ്സുമാരുടെ സംഘടന തീരുമാനം.
2013ൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തിയ സമരത്തെ തുടർന്ന് 2016 മുതൽ ശമ്പള വർധന ഉറപ്പ് നൽകിയിരുന്നു. ജനറൽ നഴ്സിങ് പൂർത്തിയാക്കിയവർക്ക് 8750 രൂപയും ബി.എസ്സി നഴ്സുമാർക്ക് 9250 രൂപയും മിനിമം ശമ്പളം നൽകാനായിരുന്നു ധാരണ.
നഴ്സുമാരുടെ സംഘടനാ പ്രതിനിധികളും ആശുപത്രി മാനേജ്മെൻറുകളും തൊഴിൽ വകുപ്പും സംയുക്തമായി നടത്തിയ ചർച്ചയിൽ 2016 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള വർധന ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് നഴ്സുമാർ വീണ്ടും സമരം ശക്തമാക്കാൻ തീരുമാനിച്ചത്. മിനിമം വേതനം ഉൾപ്പെടെ നഴ്സിങ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നിയോഗിച്ച ഡോ. ബലരാമൻ കമീഷൻ ശിപാർശകളും നടപ്പായില്ല.
18,000 രൂപ മിനിമം വേതനം നിശ്ചയിച്ചാണ് ബലരാമൻ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. കൂടാതെ 2016ൽ സുപ്രീംകോടതി നിയോഗിച്ച സമിതി നഴ്സുമാരുടെ ശമ്പളം 20,000ൽ കുറയരുതെന്നും നിർദേശിച്ചിരുന്നു. ശമ്പള പരിഷ്കാരത്തിന് കേന്ദ്രമോ സംസ്ഥാനങ്ങളോ നിയമനിർമാണം നടത്തണമെന്നും ശിപാർശ ചെയ്തു. എന്നാൽ അതും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.