കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനത്തിൽ അന്തിമ വിജ്ഞാപനമിറക്കാൻ സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ അനുമതി. നഴ്സുമാരുടെയും ജീവനക്കാരുടെയും വേതനം പരിഷ്കരിക്കാനുള്ള നടപടികൾ ചോദ്യംചെയ്ത് സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾ നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കോടതി നൽകിയിരുന്ന സ്റ്റേ പിന്‍വലിച്ചു. 1948ലെ കുറഞ്ഞകൂലി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കണം വിജ്ഞാപനം.
ആശുപത്രി മാനേജ്മെൻറുകളും ട്രേഡ് യൂനിയനുകളും തമ്മിെല പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ആവശ്യമെങ്കിൽ സർക്കാറിന് മധ്യസ്ഥ ചര്‍ച്ച നടത്താം. അന്തിമ വിജ്ഞാപനം വന്നശേഷം എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാെമന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. നഴ്സുമാരുടെ ശമ്പളം 150 ശതമാനം വരെ വർധിപ്പിച്ചാണ് വിജ്ഞാപനം കൊണ്ടുവരുന്നതെന്നും ആശുപത്രി മാനേജ്മെൻറുകളുടെ എതിർപ്പ് പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ ഹരജി നൽകിയത്. നേരേത്ത ഹരജി പരിഗണിച്ച കോടതി മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് നിർദേശിച്ചിരുന്നു. തുടർന്ന് വിഷയം മധ്യസ്ഥത സമിതിക്ക് വിട്ടു. മധ്യസ്ഥ ചർച്ചയുടെ ഫലമെന്തായെന്ന് കോടതി ആരാഞ്ഞു. മാര്‍ച്ച് 28ന് ചർച്ച നടന്നെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി മാനേജ്മെൻറുകളുടെ അഭിഭാഷകൻ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ലേബർ കമീഷണർ റിപ്പോർട്ടും നൽകി.
കരട് വിജ്ഞാപനത്തിൽ പറയുന്ന മിനിമം വേതനം നടപ്പാക്കണമെന്ന ആവശ്യത്തിൽ നഴ്സുമാരുടെ പ്രതിനിധികൾ ഉറച്ചുനിന്നപ്പോൾ മാനേജ്മെൻറുകൾ ഇതിനെ എതിർത്തതായി റിപ്പോർട്ടിൽ പറയുന്നു. നഴ്സുമാരുടെ ശമ്പളവും മറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്കി സുപ്രീംകോടതി ഉത്തരവിറക്കിയതാണെന്നും സംസ്ഥാന സര്‍ക്കാറിെൻറ നീക്കം അനാവശ്യമാണെന്നും മാനേജ്മെൻറുകള്‍ വാദിച്ചു. സുപ്രീംകോടതി നിര്‍ദേശം വന്നത് നഴ്സുമാരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണെന്നും ആ വാദം പരിഗണിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. ഇതെല്ലാം കേട്ടശേഷമാണ് അന്തിമ വിജ്ഞാപനത്തിന് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.