പാലക്കാട്: കരിങ്കരപ്പുള്ളിയിലെ വയലിൽ ഷോക്കേറ്റ് മരിച്ച യുവാക്കാൾ പൊലീസിനെ ഭയന്ന് ഓടിരക്ഷപ്പെട്ടത് മരണത്തിലേക്ക്. ഞായറാഴ്ച രാത്രി വേനോലിയിൽ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെത്തുടർന്ന് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ പാലക്കാട് കസബ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ നാലുപേരും അമ്പലപ്പറമ്പിൽ സതീഷിന്റെ ബന്ധുവീട്ടിലെത്തി.
ഇതിനിടെ, പൊലീസ് സ്ഥലത്തെത്തിയെന്ന് ഭയന്ന് ചൊവ്വാഴ്ച പുലർച്ച ഇവർ ബന്ധുവീട്ടിൽനിന്ന് പാടത്തേക്കിറങ്ങിയോടുകയായിരുന്നു. അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു ദിക്കിലേക്കുമാണ് ഓടിയത്. അഭിനും അജിത്തും പിന്നീട് വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല.
പിറ്റേന്ന് രാവിലെ സതീഷിന്റെ മാതാവ് മകനെ കാണാനില്ലെന്ന പരാതിയുമായി കസബ സ്റ്റേഷനിലെത്തി. ഇതിന് പിന്നാലെ അഭിയും അജിത്തും പൊലീസിൽ കീഴടങ്ങി. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിലാരംഭിച്ചു. ഈ അന്വേഷണത്തിലാണ് അവസാനമായി ഇവരെ കണ്ടത് കരിങ്കരപ്പുള്ളിക്കടുത്തുള്ള അമ്പലപ്പറമ്പിലാണെന്ന് മനസ്സിലായത്. പൊലീസ് സംഘം പരിസരത്ത് നടത്തിയ തിരച്ചിലിലാണ് പാടത്ത് മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കിയതോടെ മൃതദേഹങ്ങൾ കണ്ടെത്തി.
ചൊവ്വാഴ്ച രാത്രി ഏഴോടെ ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവസ്ഥലം കെട്ടിയടച്ചു. സ്ഥലമുടമ ആനന്ദ് കുമാറിനെ ചൊവ്വാഴ്ച രാത്രിതന്നെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. താനാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് ഇയാൾ അപ്പോൾ തന്നെ പൊലീസിൽ കുറ്റസമ്മതം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.