കോഴിക്കോട്: ലൈംഗികമായി അധിക്ഷേപിച്ചെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വെള്ളയില്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാറാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (നാല്) കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, കേസിൽ പ്രതിചേർത്തിരുന്ന എം.എസ്.എഫ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. മതിയായ തെളിവുകളില്ലാത്തതിനാലാണ് ഇദ്ദേഹത്തെ കുറ്റപത്രത്തില്‍ പരാമര്‍ശിക്കാതിരുന്നത്. 18 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്.
ജൂണ്‍ 22ന് എം.എസ്.എഫ് സംസ്ഥാന സമിതി ഓഫിസായ വെള്ളയിൽ ഹബീബ് സെൻററിലെ യോഗത്തിനിടെയാണ് കേസിനാസ്പദമായ വിവാദ പരാമർശമുണ്ടായത്. സംഘടന കാര്യങ്ങൾ ചര്‍ച്ചചെയ്യവെ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ പി.കെ. നവാസ് ലൈംഗികമായി അധിക്ഷേപിച്ചെന്നും പിന്നീട് ഇതിന് സമാനമായ രീതിയിൽ ഫോണിലൂടെ അബ്ദുൽ വഹാബും പ്രതികരിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞത്. എം.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച് മാനസികമായും സംഘടനാപരമായും തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നടക്കം ചൂണ്ടിക്കാട്ടി ഹരിത അംഗങ്ങള്‍ വനിത കമീഷന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കമീഷൻ പരാതി സിറ്റി െപാലീസ് മേധാവി എ.വി. ജോർജിന് കൈമാറുകയും പിന്നീട് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
പി.കെ. നവാസിനും വി. അബ്ദുല്‍ വഹാബിനുമെതിരെ ഐ.പി.സി 354 എ (നാല്) -സ്ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കൽ, ഐ.പി.സി 509 -സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. തുടർന്ന് ചെമ്മങ്ങാട് ഇന്‍സ്പെക്ടര്‍ അനിതകുമാരി പരാതിക്കാരിൽനിന്നും ആരോപണവിേധയരിൽനിന്നും മൊഴിയെടുത്തതിനു പിന്നാലെ നവാസിെൻറ അറസ്റ്റും രേഖപ്പെടുത്തി. തുടർ നടപടികൾ പൂർത്തിയാക്കിയാണ് കഴിഞ്ഞ ദിവസം വെള്ളയിൽ ഇൻസ്പെക്ടർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.