ന്യൂഡൽഹി/തിരുവനന്തപുരം: ‘ഒാഖി’ ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിനും തമിഴ്നാടിനും ലക്ഷദ്വീപിനും കേന്ദ്രസർക്കാർ 325 കോടിയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ചൊവ്വാഴ്ച സന്ദർശനം നടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹായം പ്രഖ്യാപിച്ചത്.
നേരത്തെ, തമിഴ്നാടിന് അനുവദിച്ച 280 കോടിക്കും കേരളത്തിനുള്ള 76 കോടിക്കും പുറമെയാണിത്. ചുഴലിക്കാറ്റിൽ തകർന്ന 1400ഒാളം വീടുകൾ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ പുനർനിർമിക്കും. ഇതുപ്രകാരം പുതിയ വീട് നിർമിക്കാൻ ഒന്നരലക്ഷം രൂപ വീതം ലഭിക്കും. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം വീതവും ഗുരുതര പരിക്കേറ്റവർക്ക് അരലക്ഷം വീതവും നൽകും.
ഓഖി ദുരിതാശ്വാസത്തിനും തീരദേശമേഖലയുടെ പുനർനിർമാണത്തിനുമായി 7340 കോടിയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമർപ്പിച്ചിരുന്നു. ഒാഖി ദുരിതബാധിതരെ സന്ദർശിക്കാൻ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയുമായി െഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമഗ്ര സഹായ പാക്കേജ് സമർപ്പിച്ചത്.
ദേശീയ ദുരന്തനിവാരണ ഫണ്ടിെൻറ (എൻ.ഡി.ആർ.എഫ്) മാർഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. പാക്കേജ് അനുഭാവപൂർവം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ദുരിതാശ്വാസകാര്യത്തിൽ സംസ്ഥാന സർക്കാറിന് എല്ലാ സഹായവും ലഭ്യമാക്കും. മുൻകൂട്ടി ചുഴലി അറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാറിെൻറ റിപ്പോർട്ട് കേന്ദ്ര സർക്കാർ ഗൗരവപൂർവം പരിശോധിക്കുമെന്ന് േമാദി പറഞ്ഞു.
എൻ.ഡി.ആർ.എഫ് നിബന്ധനകൾ പ്രകാരം കണക്കാക്കിയ തുക യഥാർഥ നഷ്ടം നികത്തുന്നതിന് അപര്യാപ്തമായതിനാലാണ് സംസ്ഥാന സർക്കാർ 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.