തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ആകെ 324 പേര് ഇനിയും മടങ്ങിവരാനുണ്ടെന്ന് ലത്തീന്‍സഭ. തിരുവനന്തപുരത്ത് 111ഉം തുത്തൂര്‍ ഫെറോനയില്‍ 136ഉം കുളച്ചലില്‍ 20ഉം മറ്റ് സ്ഥലങ്ങളില്‍നിന്ന് 57 പേരുമാണ് മടങ്ങിവരാനുള്ളതെന്നും ലത്തീന്‍ സഭ തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിന്‍ പേരേര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാണാതായവരുടെ പേരും മേല്‍വിലാസവും സര്‍ക്കാറിന് കൈമാറിയിട്ടുണ്ടെന്നും ഇനിയും കൈമാറാൻ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ 38ഉം തുത്തൂരില്‍ എട്ടും മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്.
അതേസമയം, ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികളുടെ സമഗ്രമായ പുനരധിവാസം ഉറപ്പുവരുത്തുന്നതിന് നിയമസാധുതയോടുകൂടിയ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കേരള റീജനല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഓഖി ദുരിതാശ്വാസഫണ്ടിെൻറ വിനിയോഗത്തിനായി പ്രത്യേക നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തണം. ഫണ്ട് വിനിയോഗത്തില്‍ സുതാര്യതയും കൃത്യമായ ലക്ഷ്യബോധവും ഉണ്ടാകണം.
ഫണ്ട് വിനിയോഗത്തില്‍ തുടക്കത്തില്‍തന്നെ പാളിച്ചകള്‍ ഉണ്ടായതില്‍ കെ.ആര്.എല്‍.സി.സി ആശങ്ക രേഖപ്പെടുത്തി. ഫണ്ടിെൻറ വിനിയോഗം കൃത്യമായ കാലയളവില്‍ വിലയിരുത്തുന്നതിന് ജില്ല മത്സ്യഗ്രാമതലത്തില് പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും ഫണ്ട് വിനിയോഗത്തിന് ജുഡീഷ്യല്‍ കമീഷെൻറ മേല്‍നോട്ടമുണ്ടാകണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഓഖി ദുരന്തത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമായി നില്ക്കുന്ന നിയമവ്യവസ്ഥകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പുനരധിവാസ- സാമ്പത്തിക പാക്കേജ്, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള തൊഴില്‍ എന്നിവ ഉടന്‍ ലഭ്യമാക്കണം. ദുരന്തത്തിൽപെട്ട ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ട സഹായം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാറും കേരളം, തമിഴ്നാട് സര്‍ക്കാറുകളും ചേര്‍ന്ന് പദ്ധതി രൂപവത്കരിച്ച് നടപ്പാക്കണം. ദുരന്തത്തിെൻറ ഫലമായി അയല്‍രാജ്യങ്ങളില്‍ കുടുങ്ങിയിട്ടുള്ള തൊഴിലാളികളെ കണ്ടെത്താനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം. ഓഖി ദുരന്തത്തില്‍ തീരദേശത്തെ മനുഷ്യര്‍ക്കുണ്ടായ ദുരിതങ്ങള്‍ക്കൊപ്പം തീരത്തിനും കടലിനും ആവാസ വ്യവസ്ഥക്കും ഉണ്ടായ മാറ്റം പഠനവിധേയമാക്കണം. പ്ലാസ്റ്റിക് മാലിന്യവും ഇ--വേസ്റ്റുകളും വ്യവസായിക മാലിന്യവും കടലില്‍ തള്ളുന്നത് കര്‍ശനമായി തടയണമെന്നും കെ.ആര്.എല്‍.സി.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.