അടൂർ: വയോധികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അടൂർ പെരിങ്ങനാട് കുന്നത്തുകര ചിറവരമ്പേൽ വീട്ടിൽ 65 വയസ്സുള്ള സുധാകരൻ മരണപ്പെട്ട കേസിലാണ് പൊലീസ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. അന്വേഷണത്തിൽ മരണം കൊലപാതകം ആണെന്ന് തെളിയുകയും, പ്രതിയായ അടൂർ താലൂക്കിൽ പെരിങ്ങനാട് വില്ലേജിൽ മുണ്ടപ്പള്ളി എന്ന സ്ഥലത്ത് കാവട വീട്ടിൽ തങ്കച്ചൻ മകൻ 40 വയസുള്ള അനിലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മരണപ്പെട്ട സുധാകരൻ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ മാർച്ച് മാസം 24-ാം തീയതി മുതൽ ചികിത്സയിൽ കഴിഞ്ഞുവരവെ, രണ്ടാമത്തെ മകൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പിതാവിന് പരിക്കേറ്റത് സംബന്ധിച്ച് സംശയം ഉണ്ടെന്നും സംഭവ ദിവസം അനിലും, സുധാകരനും തമ്മിൽ തർക്കമുണ്ടായതായും, പരാതിയിൽ ആരോപിച്ചിരുന്നു. ചികിത്സയിൽ കഴിഞ്ഞുവരവേ സുധാകരൻ ഏപ്രിൽ 11-ാം തീയതി മരണപ്പെടുകയും, പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ബോഡി വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: - സുധാകരൻ, പ്രതിയായ ആനിലിന്റെ കൃഷിസ്ഥലത്ത് കൂലിപണിചെയ്യാറുണ്ടായിരുന്നു. സംഭവ ദിവസം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ശേഷം, കൂലിയെ സംബന്ധിച്ച് തർക്കമുണ്ടാകുകയും ,തുടർന്ന് അനിൽ, സുധാകരനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദനത്തിൽ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. മർദനത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പടുകയായിരുന്നു.
മകളുടെ പരാതി ലഭിച്ചതിനെ തുടർന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ.പി.എസ്സിൻറെ നിർദേശ പ്രകാരം അടൂർ ഡി.വൈ.എസ്.പി ആർ. ജയരാജിൻറെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയുമായിരുന്നു. തുടർന്ന് അടൂർ പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ് റ്റി.ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ രഹസ്യമായി നിരീക്ഷിക്കുകയും, സമീപവാസികളോടും, ബന്ധുക്കളോടും മറ്റും അന്വേഷണ നടത്തുകയും ശനിയാഴ്ച രാത്രിയോടെ അനിലിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
തുടർന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം സുനിലിനെ ചോദ്യം ചെയ്തതിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു. ജില്ലാ പൊലീസ് ഫോറൻസിക് വിഭാഗം, സയന്റിഫിക് വിഭാഗം, ഫിംഗർ പ്രിൻറ് യൂണിറ്റ്, പൊലീസ് ഫോട്ടോഗ്രാഫർ, ഡോഗ് സ്‌ക്വാഡ് എന്നീ സംഘങ്ങൾ സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കുകയും പൊലിസുദ്യോഗസ്ഥരുമായി മരണം സംബന്ധിച്ച സംശയങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പൊലിസ് മർദ്ദനത്തിന് ഉപയോഗിച്ച മൺവെട്ടിയും, കസേരയും കണ്ടെടുത്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് അടൂർ ഡി.വൈ.എസ്.പി അറിയിച്ചു. അടൂർ പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ് റ്റി.ഡി, അടൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ വിപിൻ കുമാർ, ജലാലുദ്ധീൻ റാവുത്തർ,, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് ആർ. കുറുപ്പ്, റോബി ഐസക്, ശ്രീജിത്ത്, പ്രവീൺ റ്റി, അമൽ ആർ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.