തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വേണമെന്ന ഓംബുഡ്സ്മാൻ ഉത്തരവ് അട്ടിമറിച്ചത് പിൻവാതിൽ നിയമനങ്ങൾക്ക് തുണയായി. കോർപറേഷനിലെ താൽക്കാലിക നിയമനനീക്കം വിവാദമാകുമ്പോഴാണ് ഫെബ്രുവരി നാലിലെ ഓംബുഡ്സ്മാന്റെ ഉത്തരവ് വീണ്ടും ചർച്ചയാകുന്നത്.
നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ഏൽപിക്കാൻ തീരുമാനിച്ച സർക്കാർ, ഇത്തരം മുഴുവൻ നിയമനങ്ങളിലും ഇതേ മാതൃക പിന്തുടരാൻ മടിക്കുന്നതും അതിനാലാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് പുതിയ പട്ടിക വാങ്ങി യോഗ്യരായവരെ തെരഞ്ഞെടുത്ത് നിശ്ചിത കാലാവധിക്ക് നിയമിക്കാനാണ് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവിട്ടത്. കോഴിക്കോട്ടെ രണ്ട് പഞ്ചായത്തുകളിലെ നിയമനം സംബന്ധിച്ച പരാതിയിലാണ് ഉത്തരവ്. സുതാര്യതയും സംവരണവും പാലിച്ച് യോഗ്യരായ ഉദ്യോഗാർഥികൾക്ക് അവസര സമത്വം നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. തദ്ദേശ ഭരണസമിതികൾ കരാർ പുതുക്കിനൽകുന്നത് ദുർഭരണവും സ്വജനപക്ഷപാതമാണെന്നും കുറ്റപ്പെടുത്തി.
ഇത് കൂട്ടാക്കാതെയാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ജോലിചെയ്യുന്ന കരാർ ജീവനക്കാരുടെ കാലാവധി നീട്ടി ജൂണിൽ തദ്ദേശ വകുപ്പ് ഉത്തരവിറക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ കരാർ കാലാവധിയും ഇങ്ങനെ നീട്ടി. കരാർ നിയമനങ്ങളിൽ ഓംബുഡ്സ്മാന്റെ ഉത്തരവ് പാലിക്കുമോ എന്ന് അന്നത്തെ തദ്ദേശമന്ത്രി എം.വി. ഗോവിന്ദനോട് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ 'ഇപ്പോഴത്തെ രീതി തന്നെ തുടരും' എന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.