തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ കൂടിയായ മുതിർന്ന സി.പി.എം നേതാവ് ഇ.പി. ജയരാജനെ ബി.ജെ.പിയിൽ കൊണ്ടുവരാൻ ചർച്ച നടന്നെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലും തുടർന്നുള്ള വിവാദവും തെരഞ്ഞെടുപ്പ് തലേന്ന് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. കോൺഗ്രസുകാരെ ജയിപ്പിച്ചാൽ ബി.ജെ.പിയിൽ പോകില്ലെന്നതിന് എന്തുറപ്പെന്ന ചോദ്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട സി.പി.എം കൊട്ടിക്കലാശമായപ്പോൾ മുന്നണി കൺവീനർ ബി.ജെ.പിയിൽ ചേരാനൊരുങ്ങിയെന്ന വെളിപ്പെടുത്തലിന് മറുപടി പറയേണ്ട നിലയിലായി. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ നടത്തിയ വെളിപ്പെടുത്തൽ ജയരാജൻ നിഷേധിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടി നേതൃത്വം ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
കോടിയേരി ബാലകൃഷ്ണന്റെ വിയോഗശേഷം പാർട്ടി സെക്രട്ടറി പദവി ആഗ്രഹിച്ച ഇ.പി. ജയരാജനെ മറികടന്നാണ് എം.വി. ഗോവിന്ദൻ തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിയിൽ തന്നേക്കാൾ ജൂനിയറായ ഗോവിന്ദൻ പോളിറ്റ് ബ്യൂുറോയിലേക്ക് കൂടി ഉയർത്തപ്പെട്ടതോടെ ഇ.പി നിരാശയിലായി. എം.വി. ഗോവിന്ദൻ നയിച്ച യാത്രയുടെ ആരംഭചടങ്ങിൽനിന്ന് മാറിനിന്ന് നിരാശ പരസ്യമാക്കുകയും ചെയ്തു. ഇ.പി. ജയരാജൻ ഇടഞ്ഞുനിന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് നിക്ഷേപമുള്ള കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദന പരാതി സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയായത്. പിന്നാലെ, വൈദേകം റിസോർട്ടിനെതിരെ കേന്ദ്ര അന്വേഷണം വന്നപ്പോൾ റിസോർട്ട് ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി നിരാമയക്ക് കൈമാറി തടിയൂരി.
ഇ.പി. ജയരാജൻ-ബി.ജെ.പി ചർച്ച ഗൾഫിലാണ് നടന്നതെന്നും ഇടനിലക്കാരനെ അറിയാമെന്നും പാർട്ടിയുടെ ഭീഷണിയെ തുടർന്നാണ് പിൻവാങ്ങിയതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ദല്ലാൾ നന്ദകുമാർ മുഖേന ബി.ജെ.പിയിൽ ചേരാൻ ശ്രമിച്ച ഇ.പി 90 ശതമാനം നടപടികൾ പൂർത്തിയായ ശേഷമാണ് പിൻവാങ്ങിയതെന്നും ജയരാജന്റെ മകൻ അയച്ച വാട്സ്ആപ് സന്ദേശം കൈയിലുണ്ടെന്നും ശോഭാ സുരേന്ദ്രൻ വ്യാഴാഴ്ച പറഞ്ഞു. ബി.ജെ.പി പ്രവേശന നീക്കം വെറും കള്ളമെന്ന് ജയരാജൻ ആവർത്തിക്കുന്നുണ്ട്. പാർട്ടിയുമായുള്ള പിണക്കവും ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പവും മറിച്ചുള്ള സാധ്യതയിലേക്ക് സംശയത്തിന് സാധ്യത നൽകുന്നതാണ്.ഇ.പി. ജയരാജന്റെ രക്ഷക്കെത്തിയ ദല്ലാൾ നന്ദകുമാർ വ്യാഴാഴ്ച പറഞ്ഞത് ഫലത്തിൽ അദ്ദേഹത്തിന് എതിരായി. തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ ലാവലിൻ കേസടക്കമുള്ളവ പിൻവലിക്കാമെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ തങ്ങൾ സഹായിക്കാമെന്നും പ്രകാശ് ജാവഡേക്കർ തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ ഇ.പി. ജയരാജനോട് പറഞ്ഞെന്നും അതിന് അദ്ദേഹം സമ്മതിച്ചില്ലെന്നുമാണ് നന്ദകുമാർ പറഞ്ഞത്. ഇ.പി ജയരാജൻ ബി.ജെ.പിക്ക് വഴങ്ങുന്ന ആളല്ലെന്ന് സ്ഥാപിക്കാൻ പറഞ്ഞ കാര്യം ഇടതുമുന്നണി കൺവീനറും ബി.ജെ.പി പ്രഭാരിയും തമ്മിൽ നടന്ന രഹസ്യകൂടിക്കാഴ്ചയുടെ വിവരം പരസ്യമാക്കുകയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.