തിരുവനന്തപുരം: വിദ്യാഭ്യാസ വിദഗ്ദ്ധനും അധ്യാപകനും ചരിത്രകാരനുമായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സാംസ്‌കാരിക കേരളത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ചിത്രൻ നമ്പൂതിരിപ്പാട്. യാത്രികനും സംസ്ഥാന വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും സ്കൂൾ യുവജനോത്സവത്തിന്റെ ആസൂത്രകനുമൊക്കെയായി കേരള പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്നു.
പഠനകാലത്തു തന്നെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായ ചിത്രൻ നമ്പൂതിരിപ്പാട് ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. മലപ്പുറത്തെ മുക്കുതലയിൽ തന്റെ നാട്ടിലെ കുട്ടികൾക്കായി സ്കൂൾ തുടങ്ങി അധ്യാപനകാലത്തും സാമൂഹ്യ പ്രതിബദ്ധത കാണിച്ച വ്യക്തിയാണ്. ആദ്യ ഇ.എം.എസ് സർക്കാരിന് ഈ സ്കൂൾ ഒരു രൂപയ്ക്ക് വിട്ടുനൽകി പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്താൻ മുന്നിൽ നിന്നു. ഇങ്ങനെ സാധ്യമായ എല്ലാ മേഖലകളിലും തന്റെ പ്രതിബദ്ധതയും രാഷ്ട്രീയനിഷ്ഠയും പ്രകടിപ്പിച്ച വലിയൊരു വ്യക്തിത്വത്തെയാണ് കേരളസമൂഹത്തിന് നഷ്ടമായിരിക്കുന്നത്.
2020 ൽ അദ്ദേഹത്തെ തൃശൂരിലെ വസതിയിൽ വെച്ചു കാണാൻ സാധിച്ചിരുന്നു. എന്റെ പഠനകാലത്ത് പെരളശ്ശേരി സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ അന്യായമായി പുറത്താക്കപ്പെട്ടപ്പോൾ രക്ഷകനായി എത്തിയത് അന്നത്തെ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ അന്ന് ഞാൻ സംഘടനാ പ്രവർത്തകനായിരുന്ന കാലത്തെ ആ അനുഭവം സവിസ്തരം പരസ്പരം പങ്കു വെച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് നൽകിയാണ് അന്നദ്ദേഹം ഞങ്ങളെ യാത്ര അയച്ചത്.
പ്രബുദ്ധ കേരളത്തിന്റെ നാൾവഴികളിൽ വലിയ സംഭാവനകൾ ചെയ്ത വ്യക്തിയായിരുന്നു ചിത്രൻ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ വേർപാടുണ്ടാക്കിയിരിക്കുന്ന നഷ്ടം ചെറുതല്ല. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാംസ്‌കാരിക കേരളത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.