തിരുവനന്തപുരം: ഓണക്കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യമന്ത്രി നിർവഹിച്ചിട്ടും തൃപ്തിയില്ലാതെ പൊതുവിതരണ വകുപ്പും ഉദ്യോഗസ്ഥരും. തിങ്കളാഴ്ചമുതൽ സംസ്ഥാനത്തെ 14,242 റേഷൻ കടകളിലും പ്രത്യേകം വിതരണോദ്ഘാടനം നടത്തണമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബു നിർദേശിച്ചു. ഡയറക്ടറുടെ നിർദേശത്തെതുടർന്ന് ഒാരോ റേഷൻകട വ്യാപാരിയും പ്രദേശത്തെ ജനപ്രതിനിധിയെയോ/ കലാകായികരംഗത്തെ പ്രമുഖരെയോ ഉൾപ്പെടുത്തി തിങ്കളാഴ്ച രാവിലെ 8.30ന് മുമ്പായി ഉദ്ഘാടനം നടത്തണമെന്നും ചടങ്ങിെൻറ ഫോട്ടോ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ല സപ്ലൈ ഓഫിസർമാർ ഉത്തരവിറക്കി. ഇതോടെ കോവിഡ് വ്യാപനവേളയിൽ ഉദ്ഘാടനത്തിന് ആളെ കണ്ടെത്തേണ്ട അവസ്ഥയിലാണ് റേഷൻ വ്യാപാരികൾ.
കോവിഡ് ടി.പി.ആർ നിരക്ക് കുത്തനെ വർധിക്കുന്നതിൽ മുഖ്യമന്ത്രിയടക്കം ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഇത്തരമൊരു ഉദ്ഘാടന മാമാങ്കത്തിനെതിരെ റേഷൻ വ്യാപാരികൾക്കിടയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇനിയൊരു ഉദ്ഘാടനത്തിെൻറ യുക്തിയാണ് വ്യാപാരികളും സംഘടനകളും ചോദ്യം ചെയ്യുന്നത്. അതേസമയം വീണ്ടും ഉദ്ഘാടനം നടത്താൻ നിർദേശിച്ചിരുന്നില്ലെന്നും പ്രദേശത്തെ ജനപ്രതിനിധിക്കോ കലാകായികരംഗത്തെ പ്രമുഖർക്കോ ആദ്യകിറ്റ് നൽകണമെന്ന നിർദേശം മാത്രമാണ് ഡയറക്ടർക്ക് നൽകിയിരുന്നതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.