ചെറുതോണി (ഇടുക്കി): ഒരു പകലും രണ്ട് രാത്രിയും വനത്തിൽ വഴിതെറ്റി അലഞ്ഞ യുവാവിനെ കണ്ടെത്തി. ഉപ്പുതോട് ന്യൂ മൗണ്ട് സ്വദേശി കാരഞ്ചിയിൽ ജോമോൻ ജോസഫിനെയാണ് (34) ഞായറാഴ്ച രാവിലെ ഏഴോടെ മലയിഞ്ചിയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സുഹൃത്ത് വെള്ളക്കല്ലുങ്കൽ അനീഷ് ദാസിനൊപ്പം വാഴത്തോപ്പ് പഞ്ചായത്തിലെ ആനക്കൊമ്പൻ പാറക്കെട്ട് കയറാൻ ജോമോൻ കാട്ടിലേക്ക് പോയത്.
സംഭവത്തെക്കുറിച്ച് ജോമോൻ പറയുന്നത്: ‘കാട്ടിൽ ആനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ഞങ്ങൾ ഇരുവരും പാറയിൽനിന്ന് തിരിച്ചിറങ്ങിയപ്പോൾ രണ്ടുവഴിക്കായി. ആനക്കൂട്ടത്തിന് മുന്നിലാണ് ഞാൻ ചെന്നുപെട്ടത്. കുറച്ചുദൂരം ആനകൾ എന്‍റെ പിന്നാലെയെത്തി. പ്രാണരക്ഷാർഥം ഓടിയെത്തിയത് മലയിഞ്ചിയിലേക്ക് ഒഴുകുന്ന പുഴയുടെ കരയിലാണ്. ഇതിനിടെ, ഫോൺ സ്വിച്ച്ഓഫ് ആയതിനാൽ പുറംലോകവുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. പുഴയുടെ ഒഴുക്കിന്‍റെ ഗതി നോക്കിയാണ് മലയിഞ്ചിയിലേക്ക് കാട്ടിലൂടെ നടന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി മരത്തിന് മുകളിൽ ഉറങ്ങാതെ കഴിച്ചുകൂട്ടി. പുലർച്ച അഞ്ചിന് താഴെയിറങ്ങി നടപ്പ് തുടർന്നു. പുഴയിലെ വെള്ളം കുടിച്ചാണ് വിശപ്പടക്കിയത്’.
ജോമോനെ കാണാതായതായി തിരിച്ചെത്തിയ അനീഷ് ദാസ് നാട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചിരുന്നു. ഇടുക്കി പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തണുപ്പും വിശപ്പും ഭയവുംമൂലം ക്ഷീണിച്ച് അവശനായ ജോമോൻ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മലയിഞ്ചി പള്ളിക്ക് സമീപമെത്തിയത്. ഇവിടെ ഒരു കടയിൽ കയറി ഫോൺ ചാർജ് ചെയ്ത ശേഷം സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന്, ഇടുക്കിയിൽനിന്ന് പൊലീസെത്തി ഇടുക്കി സ്റ്റേഷനിൽ കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തി. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ ശേഷമാണ് പറഞ്ഞയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.