കടുവക്കുട്ടിയൊന്നിന് 25 ലക്ഷം മാത്രം; പുത്തൻ തട്ടിപ്പ് പൊളിച്ചടുക്കി വനംവകുപ്പ്

പൂച്ചക്കുഞ്ഞുങ്ങ​ളെ നിറമടിച്ച് 'കടുവയാക്കി' പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാർഥിപൻ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണു സംഭവം. കടുവക്കുഞ്ഞുങ്ങൾ വിൽപനയ്ക്കുണ്ടെന്ന് വാട്ട്സ്ആപ്പിലൂടെ പരസ്യം ചെയ്ത യുവാവിനെ വനംവകുപ്പ് പിടികൂടുകയായിരുന്നു.

കടുവക്കുട്ടികളെ വില്‍ക്കാനുണ്ടെന്ന പരസ്യം വാട്സാപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. മൂന്ന് 'കടുവക്കുഞ്ഞുങ്ങളുടെ' ചിത്രം സഹിതമായിരുന്നു വാട്ട്സാപ്പ് സന്ദേശം. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞുങ്ങള്‍ കൈവശമുണ്ടെന്നും ഒന്നിന് 25 ലക്ഷം രൂപ വിലവരുമെന്നും പണം നൽകിയാൽ 10 ദിവസത്തിനകം പറയുന്ന സ്ഥലത്ത് എത്തിച്ചു നൽകാമെന്നുമായിരുന്നു വാട്സാപ്പിൽ പ്രചരിപ്പിച്ച സന്ദേശം.

വാട്ട്സ്ആപ്പിലൂടെ പ്രചരിച്ച പരസ്യത്തെക്കുറിച്ച് അറിഞ്ഞ വനം വകുപ്പ് അന്വേഷണം തുടങ്ങി. വനം വകുപ്പ് അന്വേഷണം തുടങ്ങിയ വിവരമറിഞ്ഞ പാർഥിപൻ ഒളിവിൽപോയി. ഉദ്യോഗസ്ഥരെത്തി ഇയാളുടെ വീടും പരിസരവും പരിശോധിച്ചെങ്കിലും കടുവക്കുഞ്ഞുങ്ങ​ളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് പൊലീസിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പാർഥിപനെ പിടികൂടിയത്.

അമ്പത്തൂർ സ്വദേശിയായ സുഹൃത്തുമായി ചേർന്നാണ് പാര്‍ഥിപൻ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് സൂചന. വാട്ട്സാപ്പ് സന്ദേശം കണ്ട് കടുവക്കുട്ടികളെ അന്വേഷിച്ചെത്തുന്നവർക്ക് പൂച്ചക്കുട്ടികളെ നിറമടിച്ചു കടുവക്കുഞ്ഞുങ്ങളാക്കി കൊടുക്കാനായിരുന്നു പദ്ധതിയെന്ന് പ്രതി മൊഴി നൽകി. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും തട്ടിപ്പിന് പിന്നില്‍ മറ്റാരെങ്കിലും ഉള്‍‌പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    
News Summary - one who tried to sell fake tiger arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.