തിരുവനന്തപുരം: തുടർച്ചയായി ഓൺലൈൻ പണം തട്ടുന്ന ബാങ്ക് അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ് നടപടി ശക്തമാക്കി കേരള സൈബർ പൊലീസ്. 2021 മുതൽ സംസ്ഥാനത്ത് നടന്ന ഓൺലൈൻ തട്ടിപ്പുകളിൽ ആവർത്തിച്ച അക്കൗണ്ടുകൾ കണ്ടെത്തി റദ്ദാക്കാൻ അതത് ബാങ്കുകൾക്ക് നിർദേശം നൽകി. ഇത്തരത്തിൽ 2200 അക്കൗണ്ടുകൾ ഇതുവരെ കണ്ടെത്തിയതായി സൈബർ പൊലീസ് അറിയിച്ചു.
രാജ്യത്തെ ഓൺലൈൻ തട്ടിപ്പുകളിൽ ആവർത്തിക്കുന്നതായി കണ്ടെത്തുന്ന അക്കൗണ്ടുകൾ ക്രിമിനൽ സ്വഭാവമുള്ളതായി തരംതിരിക്കും. സംസ്ഥാനത്തെ സൈബർ സുരക്ഷ നമ്പറായ 1930ൽ വിളിക്കുന്ന പരാതികളിലെ വിവരങ്ങൾ ദേശീയതലത്തിലുള്ള പൊതുസംവിധാനത്തിൽ ശേഖരിക്കും.
നിലവിലുള്ള സംവിധാനത്തിൽ ഡേറ്റ അനലൈസിങ് മൊഡ്യൂൾ എന്ന സാങ്കേതികത കൂടി പ്രവർത്തനക്ഷമമാക്കിയതോടെയാണ് കൂടുതൽ അക്കൗണ്ടുകൾ കണ്ടെത്താനായത്. കേരളത്തിൽനിന്നുള്ള പരാതികളിൽ ആവർത്തിക്കുന്ന അക്കൗണ്ട് നമ്പറുകൾ ഇന്ത്യയിൽ മറ്റെവിടെയെങ്കിലും നടന്ന തട്ടിപ്പിൽ ആവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും സൈബർ പൊലീസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.