ആലുവ: ഓൺലൈൻ വ്യാപാരത്തിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ കണ്ണാടിപ്പറമ്പ് പുതിയപുരയിൽ ജുനൈദ് (25) നെയാണ് റൂറൽ ജില്ല സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ യുവാവിന്‍റെ പക്കൽ നിന്ന് സംഘം രണ്ടുലക്ഷത്തി എഴുപതിനായിരത്തിലേറെ രൂപയാണ് തട്ടിയെടുത്തത്.
ഓൺലൈനിൽ പാർട്ട് ടൈം ജോലി എന്ന മെസേജിൽ വന്ന ലിങ്കിൽ കയറി വിവരങ്ങൾ കൈമാറുകയാണ് യുവാവ് ചെയ്തത്. വലിയ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിലൂടെ വെർച്ച്വൽ ഷോപ്പിങ് നടത്തി വരുമാനമുണ്ടാക്കാം എന്നതായിരുന്നു വാഗ്ദാനം. ഇങ്ങനെ പണം നൽകി ഷോപ്പിങ് നടത്തുന്ന ഉൽപ്പന്നങ്ങൾ സൈറ്റിൽ തന്നെ വിൽപനയ്ക്ക് വെക്കും. ഇത് വിറ്റ് കിട്ടുന്ന തുകയുടെ ലാഭവും കമ്മീഷനും ഉൾപെടെ വൻ തുക ലഭിക്കുമെന്നായിരുന്നു യുവാവിനെ അറിയിച്ചത്.
വിറ്റ ഉൽപന്നങ്ങളുടെ ലാഭങ്ങളുടെ കണക്ക് തട്ടിപ്പ് സംഘം കൈമാറിക്കൊണ്ടിരുന്നു. ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വൻതുക നികുതിയായി നൽകണമെന്ന് ആവശ്യപെട്ടു. സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. അപ്പോഴേക്കും യുവാവിന് ലക്ഷങ്ങൾ നഷ്ടമായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ജുനൈദ് പിടിയിലാകുന്നത്. ഇയാളുടെ അക്കൗണ്ടിലൂടെ 70 ലക്ഷത്തോളം രൂപയുടെ വിനിമയം നടന്നിട്ടുണ്ട്. ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, എസ്.ഐ .പി.എൻ. പ്രസാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.