ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: കണ്ടെത്തിയത് 60 വ്യാജ ആപ്പുകൾ; നീക്കാൻ ഗൂഗിളിന് നോട്ടീസ് നൽകി

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറിവില്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പൊലീസ് നോട്ടീസ് നൽകി. ഇത്തരം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കാൻ മെറ്റക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഓൺലൈൻ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പൊലീസിന്റെ സൈബർ പട്രോളിങിനെത്തുടർന്ന് കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫേസ് ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തി.

ഇത്തരം തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുന്നതാണ്. ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: കണ്ടെത്തിയത് 60 വ്യാജ ആപ്പുകൾ; നീക്കാൻ ഗൂഗിളിന് നോട്ടീസ് നൽകി

കേരള മെഗാമില്യൺ ലോട്ടറി, കേരള സമ്മർ സീസൺ ധമാക്ക എന്നീ പേരുകളിൽ സമൂഹമാധ്യമങ്ങൾ വഴി കേരള സംസ്ഥാന ലോട്ടറി ഓൺലൈൻ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റാഗ്രാം മുതലായ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ഓൺലൈൻ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാൽ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക.

സന്ദേശത്തിൽ പറയുന്ന നമ്പറിലേക്ക് 40 രൂപ അയച്ചാൽ വാട്സ്ആപ്പിലേക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ചുനൽകും. നറുക്കെടുപ്പിന്റെ സമയം കഴിയുമ്പോൾ കൃത്രിമമായി നിർമ്മിച്ച നറുക്കെടുപ്പ് ഫലം തട്ടിപ്പുകാർ അയച്ചുനൽകുകയും ഫലം പരിശോധിക്കുമ്പോൾ കൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും.

ഇതോടെ തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കുന്നു. സർക്കാർ പ്രതിനിധിയെന്നു പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ ഫോണിൽ വിളിക്കുകയും സമ്മാനത്തുക ലഭിക്കാൻ ജി.എസ്.ടി, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ആവശ്യത്തിനായി പണം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇങ്ങനെ പണം ട്രാൻസ്ഫർ ചെയ്തുകഴിയുമ്പോൾ റിസർവ്വ് ബാങ്ക് സമ്മാനത്തുക പിടിച്ചുവച്ചിരിക്കുന്നതായും സമ്മാനം കൈമാറാനായി കൂടുതൽ പണം വേണമെന്നും ആവശ്യപ്പെടുന്നു. ഓരോ ചുവടും വിശ്വസനീയമായി തോന്നിക്കാനായി കൃത്രിമമായി നിർമിച്ച രേഖകളും വീഡിയോകളും ഇരകൾക്ക് നൽകുന്നു.

ഇത്തരത്തിൽ വളരെ വിശ്വസനീയമായി തോന്നിപ്പിക്കുന്ന രീതിയിൽ നടത്തുന്ന വ്യാജഭാഗ്യക്കുറിയുടെ ഓൺലൈൻ തട്ടിപ്പിന് ഇരയാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ പൊലീസിനെ വിവരം അറിയിക്കണമെന്ന് സംസ്ഥാന പൊലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാർ അറിയിച്ചു.

News Summary - Online lottery scam: 60 fake apps detected; Notice was given to Google to remove

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.