വനംവകുപ്പ് സൗരോർജ വേലികളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: വനംവകുപ്പ് സൗരോർജ വേലികളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്ന് സി.എ.ജി റിപ്പോർട്ട്. സൗരോർജ്ജ വേലിയാൽ മനുഷ്യവാസകേന്ദ്രങ്ങളെ വലയം ചെയ്താൽ മാത്രമേ വന്യമ്യഗങ്ങൾ മനുഷ്യരുടെ ആവാസവ്യവസ്‌ഥയിലേക്ക് കടക്കുന്നത് തടയുന്നതിൽ വിജയിക്കുകയുള്ളൂ. മതിയായ വൈദ്യുത ആഘാതം ഉറപ്പാക്കാൻ വേലിക്ക് സമീപമുള്ള കാട് പതിവായി വെട്ടിത്തെളിക്കുക, കേടുപാടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കുക തുടങ്ങിയ സൂക്ഷ്‌മമായ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ദൈനംദിന സൗരോർജ്ജ വേലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വനംവകുപ്പിന് വീഴ്‌ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.

സൗരോർജ്ജ വേലികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായ തിരഞ്ഞെടുത്ത മൂന്ന് ഡിവിഷനുകളിൽ, ആകെ സ്‌ഥാപിച്ച 306.09 കിലോമീറ്റർ സൗരോർജ്ജ വേലികളിൽ 93.91 കിലോമീറ്ററും വർത്തനക്ഷമം അല്ല. മണ്ണാർക്കാട് (35.28 കിലോമീറ്റർ), പാലക്കാട് (10.63 കിലോമീറ്റർ), മലയാറ്റൂർ (48.00 കിലോമീറ്റർ) എന്നിങ്ങനയാണ് കണ്ടെത്തിയത്.

തിരഞ്ഞെടുത്ത ഡിവിഷനുകൾക്ക് കീഴിൽ വരുന്ന 15 സ്‌ഥലങ്ങളിൽ വകുപ്പിലെ ഉദ്യോഗസ്‌ഥരോടൊപ്പം നടത്തിയ സംയുക്ത പരിശോധന നടത്തി. തിരുവനന്തപുരം ഡിവിഷനു കീഴിലെ പാലോട് റേഞ്ചിലെ ഇടവം, റാന്നി റേഞ്ചിലെ ബിമരം, റാന്നി ഡിവിഷനു കീഴിലെ വടശ്ശേരിക്കര റേഞ്ചിലെ ആക്കേമൺ, മറയൂർ ഡിവിഷനു കീഴിലുള്ള കാന്തല്ലൂർ റേഞ്ചിലെ കാരയൂർ ചന്ദന റിസർവും വെട്ടുകാടും, മലയാറ്റൂർ ഡിവിഷന് കീഴിലുള്ള മേക്കപ്പാല റേഞ്ച്, വടാട്ടുപാറ റേഞ്ചിലെ പലവൻപാടി, പാലക്കാട് ഡിവിഷണിലെ ഒലവക്കോട് റേഞ്ചിലെ ധോണി, വാളയാർ റേഞ്ചിലെ 53 ക്വാറികൾ, മണ്ണാർക്കാട് ഡിവിഷനിലെ തിരുവിഴാംകുന്ന്, സൗത്ത് വയനാട് ഡിവിഷനിലെ പുൽപ്പള്ളിയും, ഇരുളവും, വയനാട് വന്യജീവി ഡിവിഷനിലെ കുറിച്ചിയാട്ട്, കണ്ണൂർ ഡിവിഷനിലെ കൊട്ടിയൂർ, പെരിയാർ ഈസ്‌റ്റ് ഡിവിഷനിലെ വള്ളക്കടവ് റേഞ്ചിലെ തൊണ്ടിയാർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ എട്ടു സ്ഥലങ്ങളിൽ സൗരോർജ്ജ വേലികൾ പ്രവർത്തനരഹിതമായിരുന്നു. മറയൂർ ഡിവിഷനിലെ കാന്തല്ലൂർ റേഞ്ചിലെ കാരയൂർ ചന്ദന റിസർവും വെട്ടുകാടും, മലയാറ്റൂർ ഡിവിഷനിലെ മേക്കപ്പാല, വടാട്ടുപാറ, റാന്നി ഡിവിഷനിലെ റാന്നി, വടശ്ശേരിക്കര, പാലക്കാട് ഡിവിഷനിലെ വാളയാർ, പെരിയാർ ഈസ്‌റ്റ് ഡിവിഷനിലെ വള്ളക്കടവ് റേഞ്ചിലെ തൊണ്ടിയാർ എന്നിവിടങ്ങളിലാണ് പ്രവർത്തന രഹിതമായത്.

നാല് സ്‌ഥലങ്ങളിൽ സൗരോർജ വേലികൾക്ക് കീഴിലുള്ള ചെടികൾ വെട്ടിമാറ്റിയിട്ടില്ല. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള പാലോട് റേഞ്ചിലെ ഇടവം, റാന്നി ഡിവിഷന് കീഴിലുള്ള റാസി റേഞ്ചിലെ ബിമരം, പാലക്കാട് ഡിവിഷന് കീഴിലുള്ള ഒലവക്കോട് റേഞ്ചിലെ ധോണി. മലയാറ്റൂർ ഡിവിഷന് കീഴിലുള്ള വടാട്ടുപാറ റേഞ്ചിലെ പലവൻപാടി എന്നിവിടങ്ങളാണ് ചെടികൾ വെട്ടിമാറ്റിയട്ടില്ലെന്നും കണ്ടെത്തി.

മൃഗങ്ങൾ അതിരുകൾ കടക്കുന്നത് തടയാൻ വൈദ്യുത ആഘാതത്തിന്റെ സഹായത്തോടെ ഉപയോഗിക്കുന്ന പ്രതിബന്ധമാണ് വൈദ്യുത വേലി. ഒരു മൃഗം വേലിയിൽ സ്പ‌ർശിക്കുമ്പോൾ അതിന് വേദനാജനകവും എന്നാൽ മാരകമല്ലാത്തതുമായ വൈദ്യുതാഘാതം നൽകുന്നു. പ്രതിബന്ധം മറികടക്കാൻ ശ്രമിക്കുന്നതിൽ നിന്ന് മൃഗത്തെ പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഷോക്ക്. വന്യമൃഗങ്ങൾ, പ്രത്യേകിച്ച് ആനകൾ, വനാതിർത്തികളിലേക്ക് കടക്കുന്നത് തടയാൻ വകുപ്പ് സൗരോർജ്ജ വേലികൾ ഉപയോഗിക്കുന്നുണ്ട്. പലസ്ഥലത്തും ഈ വേലകിൾ സംരക്ഷിക്കുന്നതിൽ വനംവകുപ്പിന് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

Tags:    
News Summary - It is reported that the forest department is not doing proper maintenance of solar fences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.