ആലുവ: ഓൺലൈൻ വ്യാപാരത്തിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കി നൽകാമെന്നുപറഞ്ഞ് വൻ തുക തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. തൃപ്രയാർ കെ.കെ കോംപ്ലക്സിൽ താമസിക്കുന്ന തോപ്പുംപടി പനയപ്പിള്ളി മൂൺപീസിൽ മുഹമ്മദ് നിജാസ് (25), വലപ്പാട് നാട്ടിക പൊന്തേര വളപ്പിൽ മുഹമ്മദ് സമീർ (34) എന്നിവരെയാണ് റൂറൽ ജില്ല സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആലുവ ചൂണ്ടി സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ് വഴി ലക്ഷങ്ങൾ ലാഭമുണ്ടാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 33.5 ലക്ഷത്തോളമാണ് പിടികൂടിയവർ കണ്ണികളായ വൻ സംഘം തട്ടിയത്. അഞ്ച് ഇടപാടുകളിലൂടെയാണ് ചൂണ്ടി സ്വദേശി ഇത്രയും തുക നിക്ഷേപിച്ചത്. ആദ്യഗഡു നിക്ഷേപിച്ചപ്പോൾ ലാഭവിഹിതമെന്ന് പറഞ്ഞ് 5000 രൂപ നൽകി. ഈ വിശ്വാസമാണ് ഇദ്ദേഹത്തിന് വിനയായത്.
സമൂഹമാധ്യമത്തിൽ ബ്ലോക്ക് ട്രേഡിങ് അക്കാദമി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് സംഭവങ്ങൾ തുടങ്ങുന്നത്. പണം നിക്ഷേപിക്കുന്നതിന് വ്യത്യസ്ത അക്കൗണ്ടുകളാണ് തട്ടിപ്പ് സംഘം അയച്ചുകൊടുത്തിരുന്നത്. അതിലേക്കാണ് അഞ്ചുപ്രാവശ്യമായി തുക നൽകിയത്. ലാഭമായി വൻതുക ഉണ്ടെന്ന് സംഘം വിശ്വസിപ്പിച്ചു. പിന്നെയും തുക നിക്ഷേപിക്കാൻ നിർബന്ധിച്ചപ്പോഴാണ് ചൂണ്ടി സ്വദേശിക്ക് തട്ടിപ്പ് ബോധ്യമായത്.
നിക്ഷേപിച്ച ലക്ഷങ്ങളും സംഘം പറഞ്ഞ ലാഭവും തിരികെയെടുക്കാൻ ശ്രമിച്ചപ്പോൾ അതിനും കഴിയുന്നില്ല. ഉടൻ റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് പരാതി നൽകി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.