തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ സൈബർ അതിക്രമത്തിെൻറ പശ്ചാത്തലത്തിൽ തികച്ചും സദുദ്ദേശത്തോടെ മാത്രമാണ് പൊലീസ് നിയമ ഭേദഗതി നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ഇത് ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാറിനെ സംരക്ഷിക്കുന്നവരും പൊതുജനങ്ങളും അഭിപ്രായപ്പെട്ടു. അത് കണ്ടില്ലെന്ന് നടിക്കാൻ സർക്കാറിനാവില്ല. ഇതേതുടർന്നാണ് നിയമം നടപ്പാക്കില്ലെന്ന് ഇന്നലെ പ്രഖ്യാപിച്ചത്. ഇന്ന് മന്ത്രിസഭ യോഗം ചേർന്ന് പിൻവലിക്കാനുള്ള ഓർഡിനൻസ് ഇറക്കുകയും ചെയ്തു -മുഖ്യമന്ത്രി പറഞ്ഞു.
സർക്കാറിനോട് ശത്രുതാപരമായ നിലപാടുള്ള മാധ്യമങ്ങളോട് ഒരിക്കൽപോലും ഒരു ഇടതുസർക്കാറും ശത്രുതാപരമായ സമീപനം സ്വീകരിച്ചിട്ടില്ല. ഈ സർക്കാറും സ്വീകരിക്കില്ല. നിയമ ഭേദഗതി ചെയ്യാനുണ്ടായ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇനി ഓർഡിനൻസിലൂടെ ഇത്തരമൊരു നിയമം സർക്കാർ കൊണ്ടുവരില്ല. പകരം, നിയമസഭ സമ്മേളനത്തിൽ വിശദമായ ചർച്ച നടത്തി മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ -മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പൊലീസിന് അമിതാധികാരം നൽകുന്ന വിവാദ ഭേദഗതി ഒക്ടോബർ 22ന് ചേർന്ന മന്ത്രിസഭയാണ് ശുപാര്‍ശ ചെയ്തത്. പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്ത് നവംബർ 21ന് ഗവർണർ ഒപ്പുവെച്ചതോടെ നിയമമായി പ്രാബല്യത്തിൽ വന്നു. എന്നാൽ, പ്രതിഷേധം കനത്തതോടെ 48മണിക്കൂറിനകം സർക്കാർ അടിയറവ് പറഞ്ഞ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
വ്യക്തികളെ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വ്യാജ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുണ്ടായിരുന്നത്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കമായി ആേക്ഷപമുയർന്നു. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാനുള്ള കരിനിയമമാണിതെന്നാണ് പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.