കോട്ടയം: പ്രതിസന്ധികളിൽ എക്കാലവും ഓടിയെത്തിയിരുന്ന പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കല്ലറ. വൈദികരുടെ ഖബറിടത്തിന് സമീപമാണ് പുതിയ കല്ലറ ഒരുങ്ങുന്നത്. കരോട്ട് വള്ളകാലിൽ കുടുംബത്തിന് കുടുംബ കല്ലറയുണ്ടെങ്കിലും മുഖ്യമന്ത്രിയെന്ന നിലയിൽ പുതുപ്പള്ളിക്കും പള്ളിക്കും നൽകിയ സേവനത്തിന്റെ ആദര സൂചകമായിട്ടാണ് അദ്ദേഹത്തിന് അന്ത്യവിശ്രമത്തിനായി പ്രത്യേകം കല്ലറ പണിയാൻ ദേവാലയ അധികൃതർ തീരുമാനിച്ചത്. സ്ഥിരമായി അദ്ദേഹത്തിന്റെ ഓർമ നിലനിർത്താൻകൂടി ലക്ഷ്യമിട്ടാണിത്. പള്ളിയുടെ കിഴക്ക് വശത്തായി പ്രത്യേക കല്ലറ നിർമാണജോലികളും ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനാണ് സംസ്കാരച്ചടങ്ങുകൾ. ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കബാവായുടെ മുഖ്യകാർമികത്വത്തിലാകും ശുശ്രൂഷ. സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന് അദ്ദേഹം നേരത്തേ ബന്ധുക്കളെ അറിയിച്ചിരുന്നു.
തിരക്കുകളെല്ലാം മാറ്റിവെച്ച് ഞായറാഴ്ച പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ പങ്കെടുക്കുന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ പതിവ്. സാധാരണക്കാരനായി പ്രാർഥനയിൽ പങ്കെടുക്കുന്ന അദ്ദേഹം പലർക്കും കൗതുകക്കാഴ്ചയുമായിരുന്നു. കോവിഡ് കാലത്തും പിന്നീട് ചികിത്സക്കാലത്തുമായിരുന്നു ഇതിന് മുടക്കം വന്നത്.
ഏറ്റവുമൊടുവിൽ കഴിഞ്ഞ നവംബറിലാണ് അദ്ദേഹം പള്ളിയിലേക്ക് എത്തിയത്. ചികിത്സക്കായി ജർമനിയിലേക്ക് പോകുന്നതിന് മുന്നോടിയായിട്ടായിരുന്നു വരവ്. ആലുവയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ രാത്രി നാട്ടകം െഗസ്റ്റ് ഹൗസില്‍ താമസിച്ചശേഷം കഴിഞ്ഞവർഷം നവംബർ രണ്ടിനാണ് അദ്ദേഹം പുതുപ്പള്ളിയിലെത്തിയത്. രാവിലെ പത്തോടെ പുതുപ്പളളിയിലെ കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തിയശേഷം മടങ്ങുംവഴി പള്ളിയിൽ എത്തുകയായിരുന്നു. അന്ന് തന്നെ വിവാഹം നടന്ന പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായിലും മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയിലും അദ്ദേഹമെത്തി പ്രാർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.