നേമത്ത് ഉമ്മൻചാണ്ടി? മത്സരിക്കാനുള്ള സന്നദ്ധത ഹൈകമാൻഡിനെ അറിയിച്ചു

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വന്നേക്കും. മത്സരിക്കാനുള്ള സന്നദ്ധത ഉമ്മൻചാണ്ടി ഹൈകമാൻഡിനെ അറിയിച്ചതായാണ് വിവരം. പ്രമുഖനായ സ്ഥാനാർഥി നേമത്ത് വരുമെന്ന് നേരത്തെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉമ്മൻചാണ്ടി മത്സരിക്കുന്ന കാര്യം നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. 

ഉമ്മൻചാണ്ടി പുതുപ്പള്ളിയിലും നേമത്തും മത്സരിക്കുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. ആരും രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്. ഇങ്ങനെയെങ്കിൽ ഉമ്മൻചാണ്ടിക്ക് സ്വന്തം മണ്ഡലമായ പുതുപ്പള്ളി ഇത്തവണ വിട്ടുകൊടുക്കേണ്ടി വരും. എന്നാൽ. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന തരത്തിലാണ് ഉമ്മൻചാണ്ടി നേരത്തെ പ്രതികരിച്ചത്. രണ്ടിടത്ത് മത്സരിക്കുന്ന കാര്യം ഇപ്പോൾ പറയാറായിട്ടില്ലെന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. 

സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റായ നേമത്തെ വിജയം കോൺഗ്രസിന് നിർണായകമാണ്. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ദേശീയതലത്തിൽ തന്നെ നേമം ഉയർത്തിക്കാട്ടാനാകും. അതുകൊണ്ടുതന്നെയാണ് കോൺഗ്രസിലെ ഏറ്റവും ജനകീയനായ നേതാവിനെ തന്നെ നേമത്ത് മത്സരിപ്പിക്കുന്നത്. 

നേമത്ത് വി. ശിവൻകുട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. നിലവിലെ എം.എൽ.എ ഒ. രാജഗോപാൽ ഇത്തവണ മത്സരിക്കാത്ത സാഹചര്യത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മുൻ അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരൻ നേമത്ത് ബി.ജെ.പി സ്ഥാനാർഥിയാകുമെന്നാണ് സൂചന. 

2016ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജ​ഗോപാലിലൂടെ ബി.ജെ.പി ആദ്യമായി സംസ്ഥാനത്ത് നിയമസഭ അക്കൗണ്ട് തുറന്നതോടെയാണ് ഇരുമുന്നണികള്‍ക്കും നേമം അഭിമാന പോരാട്ടമാകുന്നത്. 8671 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാജ​ഗോപാല്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. അന്ന് ജെ.ഡി(യു)വിന്‍റെ വി. സുരേന്ദ്രൻ പിള്ളയാണ് യു.ഡി.എഫിനായി മത്സരിച്ചത്. 



Tags:    
News Summary - oomman chandy to contest from nemam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.