തിരുവനന്തപുരം: ജനക്കൂട്ടത്തെ ജീവശ്വാസമായി കൊണ്ടുനടന്ന നേതാവിന്റെ അധികാരകാലവും അവർക്കൊപ്പം ചെലവഴിച്ചതിന്റെ ചരിത്രസാക്ഷ്യമായിരുന്നു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടികൾ. ഒരു മുഖ്യമന്ത്രി പ്രായാധിക്യവും ഔദ്യോഗിക തിരക്കുകളുമെല്ലാം മാറ്റിവെച്ച് ജനസഞ്ചയങ്ങളുടെ വേദനകൾക്കൊപ്പം നിന്ന മണിക്കൂറുകൾ കേരളപ്പിറവിക്ക് ശേഷം ഉമ്മൻ ചാണ്ടി എന്ന പേരിനൊപ്പം മാത്രം കാണുന്ന അത്ഭുതമാണ്. 2011 നവംബറിലും ഡിസംബറിലുമായി ആദ്യഘട്ടവും 2013 ഒക്ടോബറിലും നവംബറിലും ഡിസംബറിലുമായി രണ്ടാം ഘട്ടവുമായി ജനങ്ങളിലേക്കിറങ്ങിയ സമാനതകളില്ലാത്ത ആ പരിപാടിയിലൂടെ 2013ൽ യു.എന്നിന്റെ പബ്ലിക് സർവിസ് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ഏഷ്യ പസഫിക് മേഖലയിൽ ഈ പുരസ്കാരത്തിന് അർഹനാകുന്ന ആദ്യ വ്യക്തി എന്ന ബഹുമതിയും ഉമ്മൻ ചാണ്ടിക്കായി.
ആയിരങ്ങളുടെ വേദന അവരിലേക്കിറങ്ങി തന്റേതാക്കിയ ഭരണാധികാരി അതിന് മേൽ സമാശ്വാസത്തിന്റെ പ്രതിവിധികളും ഉത്തരവുകളും കുറിച്ചുനൽകുന്ന ജനകീയ ജനാധിപത്യത്തിന്റെ സമാനതകളില്ലാത്ത മാതൃകയായി ജനസമ്പർക്കം. വേദിയിലേക്ക് കയറാൻ കഴിയാതെ തളർന്നുനിന്നവരിലേക്ക് അയാൾ വലയങ്ങൾ ഭേദിച്ചിറങ്ങിച്ചെന്നു. കരയുന്ന കണ്ണുകളിലെ വേദന ഏറ്റുവാങ്ങി. ആൾക്കൂട്ടത്തിനിടയിൽ നിന്നുതന്നെ ആ വേദനക്ക് അധികാരവഴിയിലെ മറുമരുന്നെഴുതി. തൊഴുകൈകളോടെ നിന്നവർക്ക് മുന്നിൽ അയാൾ സമാശ്വാസത്തിന്റെ ചെറുപുഞ്ചിരിയുമായെത്തി.14 ജില്ലയിലും ഓടിയെത്തിയ ഉമ്മൻ ചാണ്ടി രാവിലെ തുടങ്ങുന്ന പരാതിയും വേദനയും കേൾക്കൽ പലയിടങ്ങളിലും പൂർത്തിയാക്കുമ്പോൾ പിറ്റേദിവസം പുലർച്ചയായിരുന്നു. 2013 നവംബർ 26ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ രാവിലെ 10ന് തുടങ്ങിയ ജനസമ്പർക്ക പരിപാടിയിൽ അവസാന പരാതിക്കാരനെയും കേട്ട് ഉമ്മൻ ചാണ്ടി മടങ്ങുമ്പോൾ പിറ്റേദിവസം പുലർച്ച 3.45 ആയിരുന്നു. പാതിരാവും കടന്നുള്ള ആ നിൽപുകളിൽ ഊണും ഉറക്കവും മറന്നു. 2013ൽ രണ്ടാംഘട്ട ജനസമ്പർക്ക പരിപാടികളിലൂടെ വന്ന അഞ്ചര ലക്ഷം പരാതികളിൽ ഉമ്മൻ ചാണ്ടി തീർപ്പുകൽപിച്ചത് മൂന്ന് ലക്ഷത്തിലേറെയായിരുന്നു. ഇതുവഴി 22.68 കോടി രൂപയാണ് ധനസഹായമായി അവശവിഭാഗങ്ങളിലേക്കൊഴുകിയത്.
ജനഹിതത്തിന് വഴിമുടക്കിയ പതിറ്റാണ്ടുകൾ പഴക്കമുള്ള എണ്ണമറ്റ ഉത്തരവുകളും ചട്ടങ്ങളും ജനകീയതയുടെ പരകോടികയറിയ ആ നേതാവ് മാറ്റിയെഴുതി. ഇടനിലക്കാരില്ലാതെ ഒരു മുഖ്യമന്ത്രിയിലേക്ക് ജനമായിരങ്ങൾ ഒഴുകിയെത്തിയ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ തുല്യതയില്ലാത്ത പരിപാടിയായി ജനസമ്പർക്കപരിപാടി മുദ്രണംചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.