കോട്ടയം: എല്ലാ ഞായറാഴ്ചയും ജനം പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലിൽ വീട്ടിലെത്തിയിരുന്നത് പരാതികളും പരിഭവങ്ങളും പറയാനായിരുന്നു. അതു കേൾക്കാൻ ആ വീടിന്റെ നാഥൻ എത്ര വൈകിയും കാത്തിരുന്നിരുന്നു. എന്നാലിന്ന് അവരെത്തിയത് അവരുടെ പ്രിയപ്പെട്ടവനെ അവസാന നോക്ക് കാണാനായിരുന്നു. അദ്ദേഹമാകട്ടെ ഒന്നും കാണാതെയും കേൾക്കാതെയും ആ വീടിനകത്ത് നിശ്ചേതനനായി കിടന്നു. പരാതികളും പ്രശ്നങ്ങളും ഇടമുറിയാതെ കേട്ടിരുന്ന തെക്കുഭാഗത്തെ ജനാല ആർക്കുമല്ലാതെ വെറുതെ തുറന്നുകിടന്നു.
ചൊവ്വാഴ്ച പുലർച്ച ഉമ്മൻ ചാണ്ടിയുടെ മരണവിവരം അറിഞ്ഞതുമുതൽ പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലിൽ വീട്ടിലേക്ക് ജനം ഓടിയെത്തുകയായിരുന്നു. മൂന്നുദിവസം നീണ്ട ഇവരുടെ കാത്തിരിപ്പിന് അവസാനമായത് വ്യാഴാഴ്ച വൈകീട്ടാണ്. കോട്ടയം തിരുനക്കര മൈതാനത്തെ പൊതുദർശനം കഴിഞ്ഞ് 2.30നാണ് വിലാപയാത്ര പുറപ്പെട്ടത്. മണിക്കൂറുകൾ താണ്ടി വൈകീട്ട് 6.10ന് തറവാട്ടുവീടിന്റെ താഴത്തെ റോഡിലെത്തി. തുടർന്ന് മൃതദേഹം ആംബുലൻസിലേക്കു മാറ്റി വീടിന്റെ തെക്കുഭാഗത്തെ ഗേറ്റിലെത്തിച്ചു. അവിടെനിന്ന് തെക്കേ വാതിലിലൂടെ അകത്തേക്ക്.
അതിവൈകാരിക രംഗങ്ങൾക്കാണ് വീട്ടുമുറ്റം സാക്ഷ്യം വഹിച്ചത്. ‘‘ഉമ്മൻ ചാണ്ടി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ‘ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മൻ ചാണ്ടിക്കായിരമുമ്മ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ച് പ്രവർത്തകർ പ്രിയ നേതാവിന് യാത്രാമൊഴിയേകി. പലപ്പോഴും പ്രവർത്തകരെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. 6.25ന് ഭവനത്തിലെ ശുശ്രൂഷ തുടങ്ങിയതോടെയാണ് മുദ്രാവാക്യം വിളികൾ നിലച്ചത്. കുടുംബാംഗങ്ങൾ അല്ലാത്തവരെ വീടിനകത്തേക്ക് പ്രവേശിപ്പിച്ചില്ല. പുറത്ത് മൃതദേഹം കാണാൻ ക്രമീകരണം ഒരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സമയം വൈകിയതിനാൽ അതുണ്ടായില്ല.
മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. 6.50ന് ശുശ്രൂഷ സമാപിച്ച് മൃതദേഹം തെക്കുഭാഗത്തെ വാതിലിലൂടെതന്നെ പുറത്തേക്കിറക്കി പുതിയ വീടിനു സമീപം ഒരുക്കിയ പന്തലിലേക്ക് കൊണ്ടുപോയതോടെ അദ്ദേഹത്തെ നെഞ്ചേറ്റി നാടും പിന്നാലെയിറങ്ങി. ഇനി ഒരു തിരിച്ചുവരവ് അവർക്കുമുണ്ടാവില്ല. പുതുപ്പള്ളി വീട്ടിൽ അവരുടെ കുഞ്ഞൂഞ്ഞച്ചായനും ഉമ്മൻ ചാണ്ടി സാറും ഇനി ഇല്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.