സലിം രാജിന്‍െറയും ജോപ്പന്‍െറയും ഫോണില്‍ സരിതയുമായി സംസാരിച്ചിട്ടില്ളെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി: മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും സരിത എസ്. നായരും തന്‍െറ ഫോണിലൂടെ പലതവണ സംസാരിച്ചിട്ടുണ്ടെന്ന ഗണ്‍മാന്‍ സലിം രാജിന്‍െറ മൊഴി അടിസ്ഥാനരഹിതമെന്ന് ഉമ്മന്‍ ചാണ്ടി സോളാര്‍ കമീഷനില്‍. 436 തവണ സലിം രാജ് സരിതയെ ഫോണില്‍ വിളിച്ചതായാണ് കണ്ടത്തെിയതെങ്കിലും സരിത വിളിക്കുന്ന സമയത്ത് താനും സലിം രാജും ഒന്നിച്ചുണ്ടായിരുന്നത് 55 തവണ മാത്രമാണ്. ഇതുസംബന്ധിച്ച രേഖകള്‍ സോളാര്‍ അഴിമതി അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ മുമ്പാകെ ഉമ്മന്‍ ചാണ്ടി ഹാജരാക്കി.

സരിതയുമായി സംസാരിക്കുന്ന സമയത്ത് സലിം രാജ് ഡ്യൂട്ടിയിലുണ്ടായിരുന്നോ, ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോള്‍ താന്‍ അടുത്തുണ്ടായിരുന്നോ തുടങ്ങിയ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ ബോധ്യമാകും. മറ്റ് നാല് ഗണ്‍മാന്‍മാര്‍കൂടി തനിക്കുണ്ടായിരുന്നു. അതില്‍ ഒരാള്‍ക്ക് സരിതയുടെ ഒരുഫോണ്‍ കാള്‍പോലും വന്നിട്ടില്ല. മറ്റ് മൂന്നുപേര്‍ക്കുംകൂടി എട്ട് കാള്‍ മാത്രമാണ് വന്നതെന്നും എതിര്‍വിസ്താരവേളയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ടെന്നി ജോപ്പന്‍ തന്‍െറ ക്ളര്‍ക്ക് മാത്രമായിരുന്നു. യാത്രകളില്‍ ഒപ്പമുണ്ടാകാറില്ല.

അയാളുടെ ഫോണ്‍ മുഖേന സരിതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. സരിതയോട് ഏഴുകോടി രൂപ ആവശ്യപ്പെട്ടെന്നും ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവന് മുന്നില്‍ കണ്ടെന്നും ഡല്‍ഹിയിലെ തന്‍െറ സുഹൃത്ത് തോമസ് കുരുവിള മുഖേന 1.10 കോടി കൈപ്പറ്റിയെന്നുമുള്ള സരിതയുടെ മൊഴിയും ഉമ്മന്‍ ചാണ്ടി നിഷേധിച്ചു.

കോണ്‍ഗ്രസ് നേതാവും ക്വാറി അസോസിയേഷന്‍ നേതാവുമായ ശ്രീധരന്‍ നായരെ തനിക്ക് നേരത്തേ അറിയാം. സരിത പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ശ്രീധരന്‍ നായര്‍ കാണാന്‍ വന്നത്. അതിനുമുമ്പ് അസോസിയേഷന്‍െറ ഭാരവാഹികളും തന്നെ വന്നുകണ്ടിരുന്നു. അതേസമയം, ആദ്യം ശ്രീധരന്‍ നായരും പിന്നീട് അസോസിയേഷന്‍ ഭാരവാഹികളും വന്ന് കണ്ടെന്നായിരുന്നു ഉമ്മന്‍ ചാണ്ടി നേരത്തേ കമീഷന് നല്‍കിയ മൊഴി.

സോളാര്‍ അഴിമതിയുമായി ബന്ധപ്പെടുത്തി തനിക്കും അന്നത്തെ മന്ത്രിമാര്‍ക്കും മറ്റുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതിയ സര്‍ക്കാര്‍ വന്നിട്ട് ഏഴ് മാസമായിട്ടും തന്‍െറ സര്‍ക്കാര്‍ നിയമിച്ച പ്രത്യേകസംഘത്തിന്‍െറ അന്വേഷണം സംബന്ധിച്ച് സംശയംപോലും പ്രകടിപ്പിക്കാത്തത് ആരോപണങ്ങള്‍ നിലനില്‍ക്കുന്നില്ളെന്നതിന്‍െറ തെളിവാണ്. അതേ സംഘംതന്നെയാണ് ഇപ്പോഴുമുള്ളത്.
രണ്ട് കേസില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. മികവ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെ സംഘത്തിന് അന്വേഷണം ഏല്‍പിച്ചത് സുതാര്യത ഉറപ്പാക്കാനാണ്.

എമര്‍ജിങ് കേരളയുടെ ഭാഗമായി സോളാര്‍ പദ്ധതി വന്നിട്ടില്ല. പദ്ധതിക്ക് തന്‍െറ പിന്തുണയുണ്ടെന്നുള്ള നിലയില്‍ പ്രചരിപ്പിച്ചത് വ്യാജ കത്താണെന്ന് തെളിയുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലും സോളാര്‍ പ്ളാന്‍റ് സ്ഥാപിച്ചത് സര്‍ക്കാര്‍ ഏജന്‍സികളാണ്, സരിതയുടെ കമ്പനിയല്ല. എ.ഡി.ജി.പി ഹേമചന്ദ്രന്‍െറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് നിയമസഭയില്‍ പറഞ്ഞതും എ.ഡി.ജി.പിക്ക് മേല്‍നോട്ടം മാത്രമാണെന്ന കമീഷന് മുന്നിലെ മൊഴിയും തമ്മിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയപ്പോള്‍, അന്വേഷണസംഘം മുഴുവന്‍ കഴിവുള്ളവരാണെന്നാണ് താന്‍ നിയമസഭയില്‍ പറഞ്ഞതെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എ.ഡി.ജി.പി മേല്‍നോട്ടം വഹിക്കുകയാണ് ചെയ്യുന്നതെന്ന ഉത്തരവ് താന്‍ കണ്ടിട്ടുമില്ല.

അന്വേഷണം ശരിയായ ദിശയിലാണോ നടക്കുന്നതെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി പരിശോധിച്ചിട്ടില്ളേ എന്ന എതിര്‍ഭാഗം അഭിഭാഷകന്‍െറ ചോദ്യത്തിന് അന്വേഷണത്തിന്‍െറ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ളെന്നായിരുന്നു മറുപടി. സോളാര്‍ കമീഷനെതിരെ ഹൈകോടതിയില്‍ ഹരജി നല്‍കിയ പൊലീസ് അസോസിയേഷന്‍ നേതാവിനെ നേരത്തേ അറിയില്ല. സരിത ജയിലില്‍നിന്ന് പുറത്തുവന്നശേഷം മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ജോപ്പന്‍, ജിക്കുമോന്‍, സലിം രാജ് എന്നിവര്‍ ഫോണില്‍ വിളിച്ചത് ഏതുസാഹചര്യത്തിലാണെന്ന് അറിയില്ല. ഫോണില്‍ വിളിച്ചെന്നതുകൊണ്ടുമാത്രം അവരെ കുറ്റക്കാരായി കാണാനും കഴിയില്ല.

മുന്‍ എം.എല്‍.എമാരായ ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി, പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മ എന്നിവര്‍ ഫെന്നി ബാലകൃഷ്ണന്‍െറ ഫോണില്‍ സരിതയുമായി സംസാരിച്ചതിന്‍െറ രേഖകള്‍ പുറത്തുവന്നതിന്‍െറ വിശദാംശങ്ങള്‍ അറിയില്ളെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
എതിര്‍ വിസ്താരം പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് 12ന് വീണ്ടും സിറ്റിങ് നടത്തും. ഉമ്മന്‍ ചാണ്ടിയെ എതിര്‍വിസ്താരം നടത്താന്‍ ബംഗളൂരു വ്യവസായി എം.കെ. കുരുവിളക്ക് കമീഷന്‍ പ്രത്യേകാനുമതി നല്‍കി.

 

Tags:    
News Summary - oommen chandy again at solar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.