കൊട്ടാരക്കര: സോളർ കേസിലെ പ്രതി സരിത നായരുടെ വിവാദ കത്തിൽ തനിക്കും യു.ഡി.എഫ് നേതാക്കൾക്കുമെതിരേ ലൈംഗിക ആരോപണങ്ങളടങ്ങുന്ന നാലു പേജുകൾ കൂട്ടിച്ചേർത്തത് സരിതയും ഗണേഷ്കുമാറും തമ്മിൽ നടത്തിയ ഗൂഢാലോചനയെ തുടർന്നാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെൻറ മന്ത്രിസഭയിൽ അംഗമായിരുന്ന ഗണേഷ് കുമാർ പല കാരണങ്ങൾ കൊണ്ട് രാജിവെച്ചിരുന്നു. ക്രിമിനൽ കേസിൽ ഉൾപ്പെട്ടിരുന്നതിനാൽ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ കഴിഞ്ഞില്ല.
ഇക്കാരണത്താൽ ഗണേഷ് കുമാറിന് തന്നോടും യു.ഡി.എഫ് നേതാക്കളോടും വിരോധമുണ്ടായിരുന്നു. ഇതു മൂലമാണ് സരിതയോടൊപ്പം ചേർന്ന് ഗുഢാലോചന നടത്തി കത്തിൽ കൃത്രിമത്വം കാണിച്ചതെന്ന് ഉമ്മൻചാണ്ടി കൊട്ടാരക്കര ജ്യൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രട്ട് കോടതിയിൽ മൊഴി നൽകി. സരിതാ നായരുടെ കത്തിൽ നാലു പേജുകൾ അധികമായി ചേർത്തതിന് പിന്നിലെ ഗൂഢലോചന പുറത്തു കൊണ്ടുവരണമെന്നാവശ്യപെട്ട് മുൻ സർക്കാൻ അഭിഭാഷകൻ സുധീർ ജേക്കബ് , അഡ്വ.ജോളി അലക്സ് മുഖേന നൽകിയ കേസിൽ സാക്ഷിയായി ഹാജരായാണ് ഉമ്മൻ ചാണ്ടി ഈ മൊഴി നൽകിയത്.
സരിതാ നായരും ബിജു രാധാകൃഷ്ണനും ചേർന്ന്‍ നടത്തിയിരുന്ന ടീം സോളാർ കമ്പനിയെക്കുറിച്ച് നിരവധി സാമ്പത്തികാരോപണങ്ങൾ ഉയർന്നിരുന്നു. പൊലീസിലെ പ്രത്യേകസംഘം ഇത് അന്വേഷിക്കുകയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയുമുണ്ടായി. മന്ത്രിസഭാ തീരുമാനപ്രകാരം കമീഷനെ നിയമിക്കുകയും ചെയ്തു. പത്തനംതിട്ട ജയിലിൽ കിടന്നപ്പോൾ സരിതാ നായർ 21 പേജുള്ള കത്ത് ജയിൽ സൂപ്രണ്ടിെൻറ സാന്നിധ്യത്തിൽ അഭിഭാഷകൻ ഫെന്നി ബാലകൃഷ്ണന് കൈമാറിയിരുന്നു. കത്ത് സോളർ കമീഷനു മുന്നിലെത്തിയപ്പോൾ 25 പേജായി മാറി.
അധികമായി ചേർത്ത നാലു പേജുകളിലാണ് തനിക്കും യു.ഡി.എഫ് നേതാക്കൾക്കുമെതിരേ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ കമീഷൻ പുറപ്പെടുവിച്ച റിപ്പോർട്ട് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടു താൻ ഹൈ കോടതിയെ സമീപിക്കുകയും റിപ്പോർട്ട് ഭാഗികമായി റദ്ദു ചെയ്യുകയും ചെയ്തിട്ടുണ്ട്. കത്തിൽ അധികമായി എഴുതിച്ചേർത്ത പേജുകളും തുടർന്നുണ്ടായ കണ്ടെത്തലുകളും സർക്കാർ നടപടിക്രമങ്ങളും പരിശോധിക്കണമെന്നും പേജുകളെ അടിസ്ഥാനമാക്കിയുള്ള വാർത്തകളും പ്രചാരണങ്ങളും അവസാനിപ്പിക്കണമെന്നും ഹൈകോടതി വിധിച്ചെന്നും ഉമ്മൻ ചാണ്ടി മൊഴി നൽകി.കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എം.രാജപ്പൻനായർക്കു മുൻപാകെയാണ് മൊഴി നൽകിയത്.
പിന്നീട് കോടതിക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട ഉമ്മൻ ചാണ്ടി, എന്നായാലും സത്യം ജയിക്കുമെന്ന് പ്രതികരിച്ചു. ഉമ്മൻ ചാണ്ടി കൊട്ടാരക്കര കോടതിയിലെത്തുന്നതറിഞ്ഞ് നേതാക്കളും പാർട്ടി പ്രവർത്തകരും മാധ്യമപ്പടയും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.