കോട്ടയം: കെ.എം. മാണിയോട് സി.പി.എം ചെയ്ത ക്രൂരത ജോസ് കെ.മാണി മറന്നാലും അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങൾ മറക്കില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. മാണിക്കെതിരായി ഇടതുപക്ഷം എന്തൊക്കെ ആക്ഷേപങ്ങൾ ഉന്നയിച്ചു. അദ്ദേഹം ഒരു തെറ്റും ചെയ്തതായി തങ്ങൾ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന് ക്ലീൻ ചിറ്റാണ് യു.ഡി.എഫ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല പ്രശ്നത്തിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നിയമം കൊണ്ടുവരാൻ ശ്രമിക്കാതെ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. സംസ്ഥാന സർക്കാർ പ്രശ്നം രൂക്ഷമാക്കാനാണ് ശ്രമിച്ചത്. വീട്ടിൽ നിന്ന് സ്ത്രീകളെ വേഷം മാറ്റി ശബരിമലയിൽ എത്തിക്കുകയാണ് സർക്കാർ ചെയ്തത്. സുപ്രീംകോടതി വിധി അതുപോലെ തന്നെ നിൽക്കുകയല്ലേ, ഇപ്പോൾ ശബരിമലയിൽ ഒരു പ്രശ്നവുമില്ലല്ലോ. പൊലീസിനെ വിട്ട് ബലം പ്രയോഗിച്ച് സ്ത്രീകളെ ശബരിമലയിലെത്തിക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിച്ചപ്പോൾ അവിടെ സമാധാനം കൈവന്നുവെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ നിർമിത ദുരന്തമായിരുന്നു പ്രളയമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. ഡാമുകൾ കൈകാര്യം ചെയ്യുന്നതിലെ സർക്കാറിന്‍റെ പിടിപ്പുകേട് മൂലം 433പേർ മരിച്ചു, 14 ലക്ഷം പേരുടെ വീട് നഷ്ടപ്പെട്ടു. 59 ലക്ഷം പേരെ മാറ്റി താമസിപ്പിച്ചു. ഇത്ര വലിയ ദുരന്തം സർക്കാറിന്‍റെ കെടുകാര്യസ്ഥത കൊണ്ടുണ്ടായെന്നു പറഞ്ഞാൽ ജനം സഹിക്കുമോ എന്നും ഉമ്മൻചാണ്ടി ചോദിച്ചു.
യു.ഡി.എഫ് പൂർണ ആത്മവിശ്വാസത്തിലാണ്. സർവേകളെ കാര്യമായിട്ടെടുക്കുന്നുമില്ല, തള്ളിക്കളയുന്നുമില്ല. യു. ഡി.എഫ് പ്രവർത്തകരെ പ്രവർത്തന സജ്ജരാക്കാൻ സർവെ ഫലങ്ങൾ സഹായിക്കുകയാണ് ചെയ്തത്. യു.ഡി.എഫ് സ്ഥാനാർഥി നിർണയം നല്ല നിലയിൽ പൂർത്തിയാക്കി. പുതിയ മുഖങ്ങൾക്കാണ് പ്രാമുഖ്യം കൊടുത്തത്. ജനങ്ങളുടെ മാനിഫെസ്റ്റോയാണ് തയാറാക്കിയത്. അതിന് വലിയ അംഗീകാരം ലഭിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് സർക്കാർ വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും അവർക്ക് നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. യു.ഡി.എഫ് ഭരിച്ചപ്പോൾ എൽ.ഡി.എഫ് പല ആക്ഷേപങ്ങളും ഉന്നയിച്ചു. എന്നാൽ ഭരണത്തിൽ വന്നപ്പോൾ ഒരു കേസെടുക്കാൻ പോലും അവർക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.