തിരുവനന്തപുരം: കാരുണ്യ ചികിത്സ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻധനന്ത്രി കെ.എം. മാണിക്കും വിജിലൻസിെൻറ ക്ലീൻചിറ്റ്. അതേസമയം, ഇടനിലക്കാർ പണംതട്ടിയതായി സംശയമുണ്ടെന്നും കൃത്യമായി ഓഡിറ്റിങ് നടത്താത്തത് ഗുരുതരവീഴ്ചയാണെന്നും വിജിലൻസിെൻറ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂനിറ്റ് ഒന്ന് ഡിവൈ.എസ്.പി ബി. ഉദയകുമാർ തയാറാക്കിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കാരുണ്യ ചികിത്സ പദ്ധതിയുടെ ആനുകൂല്യം അർഹരായവർക്ക് ലഭിക്കാത്തതിൽ ക്രമക്കേടുണ്ടെന്ന് ആരോപിക്കുന്ന പരാതിയിലാണ് വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയത്.
കാരുണ്യ ഫണ്ടിൽനിന്ന് വർഷത്തിൽ ഒരുശതമാനം മാത്രമേ ഭരണ ചെലവിലേക്കായി ഉപയോഗിക്കാവൂ എന്നിരിക്കെ 2012, -2013 കാലഘട്ടത്തിൽ കൂടുതൽതുക വിനിയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയുടെ ആദ്യ ഘട്ടമായതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇതുസംബന്ധിച്ച് അധികൃതരുടെ വിശദീകരണം. ഈതുക പദ്ധതിയുടെ അന്നത്തെ നോഡൽ ഓഫിസറിൽനിന്ന് ഈടാക്കണം. ഒറ്റത്തവണ ചികിത്സ പദ്ധതിയിലെ തുക 3000ത്തിൽനിന്ന് 5000 രൂപയായി ഉയർത്തിയപ്പോൾ ഇടനിലക്കാർ പണം തട്ടിയതായി സംശയമുണ്ട്. പഞ്ചായത്ത് തലത്തിൽ ഉള്ളവരാണോ ഇതിന് പിന്നിലുള്ളതെന്ന് പരിശോധിക്കണം. ഒരു സാമ്പത്തികവർഷത്തിൽ പോലും പദ്ധതി സംബന്ധിച്ച് കൃത്യമായ ഓഡിറ്റിങ് നടക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ അക്കൗണ്ടൻറ് ജനറൽ പരിശോധിക്കുകയാണ്.
അതിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ അഴിമതി നിരോധന നിയമപ്രകാരം തുടർനടപടി സ്വീകരിക്കാം. പരാതിയിലെ എതിർകക്ഷികളായ ഉമ്മൻ ചാണ്ടി, കെ.എം. മാണി, അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, മുൻ ലോട്ടറി വകുപ്പ് ഡയറക്ടർ എന്നിവർ അഴിമതി നടത്തിയതിന് തെളിവില്ലെന്നും ഈ സാഹചര്യത്തിൽ കേസെടുക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.