തിരുവനന്തപുരം: മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായുമൊക്കെ ഉമ്മൻ ചാണ്ടി നിറഞ്ഞുനിന്ന തലസ്ഥാന നഗരം പ്രിയ നേതാവിന്റെ ഓർമകൾ പുതുക്കി. അയ്യൻകാളി ഹാളിലും പുറത്തുമായി തിങ്ങിനിറഞ്ഞ ജനക്കൂട്ടം കേരളത്തിന്റെ പരിച്ഛേദമായിരുന്നു. വിവിധ പാർട്ടി, മത, സാംസ്കാരിക, സാമൂഹിക മേഖലകളിൽനിന്നെത്തിയ എല്ലാവരും പറഞ്ഞത് ഉമ്മൻ ചാണ്ടിയുടെ ജനകീയതയുടെ നേർസാക്ഷ്യങ്ങൾ. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ജനങ്ങൾക്കൊപ്പം നിന്ന, അവരുടെ കണ്ണീരൊപ്പാൻ ശ്രമിച്ച ഉമ്മൻ ചാണ്ടിയുടെ മാതൃക പിന്തുടർന്നാണ് കേരളത്തിലെ ജനപ്രതിനിധികളെല്ലാം മറ്റിടങ്ങളെ അപേക്ഷിച്ച് ജനകീയരും സൗമ്യരുമായതെന്ന് അവർ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രവർത്തനമെന്നാൽ ജീവകാരുണ്യപ്രവർത്തനം കൂടിയാണെന്നതാണ് ഉമ്മൻ ചാണ്ടി നൽകുന്ന പാഠമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സാധാരണക്കാരുടെ പ്രയാസങ്ങൾ നിവേദനങ്ങളിൽനിന്ന് മനസ്സിലാക്കി സാധ്യമായ രീതിയിൽ പരിഹരിക്കാൻ അധികാരം ഉപയോഗിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ശൈലിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനക്കൂട്ടത്തിനു നടുവില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയെ മരണശേഷവും ജനക്കൂട്ടം അനുഗമിക്കുന്ന അഭൂതപൂര്‍വമായ കാഴ്ചകളാണ് കേരളം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ച യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. ജാതി മതങ്ങൾക്കതീതമായി എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുനിർത്താനായി എന്നതാണ് ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ സംഭാവനയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാറി നിന്ന് ആരാധനയോടെ കണ്ട വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സൂചിപ്പിച്ചു. മുൻമന്ത്രി തോമസ് ഐസക്, ആർച് ബിഷപ് തോമസ് ജെ നെറ്റോ, പന്ന്യൻ രവീന്ദ്രൻ, ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്, സ്വാമി ശുഭാംഗാനന്ദ, മന്ത്രി ആന്റണി രാജു, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എം. സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആർ.എസ്.പി നേതാവ് എ.എ. അസീസ്, മൗലവി ഡോ.വി.പി. സുഹൈബ്, ആർച് ബിഷപ് ഡോ. തോമസ് മാർ കുറിലോസ്, ഡോ. ജോസ് മാർ ദിവന്ന്യോസ് മെത്രാപോലീത്ത, ബിഷപ് ധർമരാജ് റസാലം, ഗുരുരത്നം ജ്ഞാന തപസ്വി, എം.എൽ.എമാരായ എൻ. ജയരാജൻ, മോൺസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, എം. വിൻസെന്റ്, ഫോർവേഡ് ബ്ലേക്ക് നേതാവ് ജി. ദേവരാജൻ, സി.എം.പി നേതാവ് സി.പി. ജോൺ, പുന്നല ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ചാണ്ടി ഉമ്മൻ നന്ദി പറഞ്ഞു.
ഉമ്മൻ ചാണ്ടി മികച്ച ഭരണാധികാരി -പിണറായി വിജയൻ
തിരുവനന്തപുരം: നല്ല ഭരണാധികാരിയെന്ന് ഉമ്മൻ ചാണ്ടി തെളിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.പി.സി.സി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട വിവിധ വകുപ്പുകളിൽ ഉമ്മൻ ചാണ്ടി നല്ല നിലയിൽതന്നെ കൈകാര്യം ചെയ്തു. ആ വിപുലായ അനുഭവ പരിചയം മുഖ്യമന്ത്രിയെന്നനിലയിൽ പ്രവർത്തിക്കാൻ കരുത്തായിട്ടുണ്ട്. രോഗം വേട്ടയാടുന്ന അവസ്ഥയിലും അദ്ദേഹം തളർന്നില്ല. ചികിത്സക്കിടെ ഒരു പരിപാടിയിൽ കണ്ടപ്പോൾ ഉമ്മൻ ചാണ്ടിയെ വലിയ പ്രസരിപ്പോടെ കണ്ടു.
നല്ല മാറ്റമാണ് വന്നതെന്ന് ഞാൻ അദ്ദേഹത്തോട് സ്വകാര്യം പറഞ്ഞപ്പോൾ ചികിത്സിച്ച ഡോക്ടറുടെ പേരു പറഞ്ഞു. ഞാൻ പിന്നീട് ആ ഡോക്ടറെ വിളിച്ച് അഭിനന്ദനം അറിയിച്ചു. വിശ്രമിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പാലിക്കുമോയെന്ന് അറിയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. വിശ്രമം ഉമ്മൻ ചാണ്ടിയുടെ കൂടപ്പിറപ്പല്ല. രോഗം ശക്തമായപ്പോഴും പാർട്ടിയെ ശക്തിപ്പെടുത്താമെന്നതിനാണ് കേരളത്തിലുടനീളം എത്തിപ്പെടുന്ന ഉമ്മൻ ചാണ്ടിയെയാണ് കാണാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ നഷ്ടം കോൺഗ്രസിനും യു.ഡി.എഫിനും പെട്ടെന്ന് നികത്താനാവില്ലെന്നും മുഖ്യമന്ത്രി തുടർന്നു.
ഇടവേളക്കു ശേഷം ഒരേവേദിയിൽ; മിണ്ടാതെ സുധാകരനും പിണറായിയും
തിരുവനന്തപുരം: നീണ്ട ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പൊതുവേദിയിൽ ഒന്നിച്ചപ്പോൾ പെരുമാറ്റം ഔപചാരികതയിൽ ഒതുങ്ങി. അയ്യൻകാളി ഹാളിൽ ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് ആദ്യമെത്തിയത് കെ. സുധാകരൻ. മുഖ്യമന്ത്രി വേദിയിലേക്ക് കയറിയപ്പോഴും വേദി വിട്ടപ്പോഴും പരസ്പരം വണങ്ങിയ ഇരുവരും ഒന്നും മിണ്ടിയില്ല.
ഒരു സീറ്റിന്റെ അകലത്തിൽ അരമണിക്കൂറിലേറെ ഇരുന്നിട്ടും പരസ്പരം മുഖം കൊടുത്തില്ല. ബ്രണ്ണൻ കോളജ് കാലം മുതലുള്ള പോര് കെ. സുധാകരൻ കെ.പി.സി.സി പ്രിസഡന്റ് ആയതോടെയാണ് വീണ്ടും ചൂടുപിടിച്ചത്. മോൻസൺ കേസിൽ സുധാകരന്റെ അറസ്റ്റോടെ പോരിന്റെ തീവ്രത നേരിൽ കണ്ടപ്പോഴുള്ള ഇരുവരുടെയും ശരീരഭാഷയിൽ പ്രകടം. ആദ്യം പ്രസംഗിച്ച സുധാകരൻ പിണറായിയെ പ്രകോപിപ്പിക്കാനുള്ള പരാമർശങ്ങൾ നടത്തി. എന്നാൽ, അതിനു മറുപടി നൽകാതെ അവഗണിക്കുന്ന സമീപനമാണ് പിണറായി സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിക്ക് നേരെ കണ്ണൂരിലുള്ള കല്ലേറ് എഴുതി വായിച്ച പ്രസംഗത്തിൽ സുധാകരൻ രണ്ടുവട്ടം പരാമർശിച്ചു. ഉമ്മന്‍ ചാണ്ടിയെപ്പോലെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ മറ്റൊരു നേതാവ് കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു പരിക്കേൽപിച്ചപ്പോള് കേരളത്തില്‍ ഒരിലപോലും അനങ്ങാന്‍ ഉമ്മൻ ചാണ്ടി അനുവദിച്ചിട്ടില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയമൊന്നും പരാമർശിക്കാതെ ഉമ്മൻ ചാണ്ടിയുടെ നേതൃഗുണത്തിലൂന്നിയായിരുന്നു പിണറായിയുടെ അനുസ്മരണ പ്രസംഗം. മുഖ്യമന്ത്രിയെ സംസാരിക്കാൻ വിളിച്ചപ്പോൾ സദസ്സിൽനിന്ന് കോൺഗ്രസ് പ്രവർത്തകരിലൊരു വിഭാഗം ഉമ്മൻ ചാണ്ടിക്കായി മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രി മൈക്കിന് മുന്നിലെത്തിയിട്ടും മുദ്രാവാക്യം വിളി തുടർന്നപ്പോൾ വി.ഡി. സതീശൻ, എം.എം. ഹസൻ എന്നിവർ ഉൾപ്പെടെ നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.