കോട്ടയം: കിഫ്ബിയില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരിെൻറ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിെൻറ തന്ത്രം വിലപ്പോകില്ലെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
യു.ഡി.എഫ് സര്‍ക്കാരിെൻറ കാലത്ത് 2002ല്‍ 10 കോടിയും 2003ല്‍ 505 കോടിയുമാണ് വന്‍കിട പദ്ധതികള്‍ക്ക് കടമെടുത്തത്. രാജ്യത്തിനകത്തു നിന്നാണ് ഈ തുക സമാഹരിച്ചത്. 2008ല്‍ തിരിച്ചടവ് പൂര്‍ത്തിയായി. എന്നാല്‍, ഇടതുസര്‍ക്കാര്‍ ഭരണഘടനയുടെ 293(1) അനുച്ഛേദം ലംഘിച്ച് 2150 കോടി രൂപയുടെ മസാല ബോണ്ട് 9.773 ശതമാനം പലിശ നിരക്കില്‍ വിദേശത്തു വിറ്റു. അഞ്ചു വര്‍ഷ കാലാവധി കഴിയുമ്പോള്‍ 3195.23 കോടി രൂപ തിരിച്ചടക്കണം. യു.ഡി.എഫ് സര്‍ക്കാര്‍ സമാഹരിച്ച തുക ട്രഷറിയില്‍ അടച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ തുക സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചു. അതു വിവാദമായപ്പോഴാണ് പൊതുമേഖലാ ബാങ്കിലേക്കു മാറ്റിയത്.
60,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നൽകിയപ്പോള്‍, കിഫ്ബിയിലുള്ളത് 15,315 കോടി രൂപയാണ്. നാലര വര്‍ഷം ശ്രമിച്ചിട്ട് കിട്ടിയ തുകയാണിത്. ഈ നിരക്കില്‍ 60,000 കോടി സമാഹരിക്കാന്‍ 20 വര്‍ഷമെങ്കിലും വേണ്ടി വരും. പണമില്ലെങ്കിലും പദ്ധതികള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.
കിഫ്ബിയില്‍ നിന്ന് വലിയൊരു തുക സര്‍ക്കാരിെൻറ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കുന്നു. പി.ആര്‍.ഡിയെ മറികടന്ന് കിഫ്ബിയാണ് ഇപ്പോള്‍ പ്രധാനമായും സര്‍ക്കാരിെൻറ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്. വന്‍കിട പദ്ധതികള്‍ക്ക് ചെലവാക്കേണ്ട തുകയാണിത്.
കിട്ടുന്നിടത്തുനിന്നൊക്കെ വാങ്ങിക്കൂട്ടി കൊച്ചു കേരളം ഇപ്പോള്‍ വലിയ കടത്തിലാണ്. ഈ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോഴേക്കും കടം മൂന്നു ലക്ഷം കോടി കവിയും. കേരളത്തിലെ ഓരോ പൗരനും പിറന്നു വീഴുന്ന ഓരോ കുഞ്ഞും 90,000 രൂപ കടത്തിലാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.