തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പിനോട് അന്നും ഇന്നും വിദ്വേഷമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടതിന്‍റെ ഉത്തരവാദിത്തം താൻ ഉൾപ്പെടെയുള്ള പാർട്ടി സംവിധാനങ്ങൾക്കാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേരള സഹൃദയ വേദി ഏർപ്പെടുത്തിയ അവുക്കാദർകുട്ടി നഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിന് നൽകി സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. സി.പി.എമ്മുമായി അകലുന്നുവെന്ന സൂചന നൽകിയ ശേഷമുള്ള ചെറിയാൻ ഫിലിപ്പിന്‍റെ ആദ്യ പൊതുപരിപാടിയാണിത്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ തനിക്കെതിരെ ചെറിയാൻ ഫിലിപ്പ് മത്സരിച്ചപ്പോൾ എല്ലാർക്കും അതൊരു അത്ഭുതമായിരുന്നു. എല്ലാവരും ധരിച്ചത് ഞാനും ചെറിയാനുമായിട്ടുള്ള സൗഹൃദം അവസാനിച്ചെന്നാണ്. എന്നാൽ, ഞാൻ അങ്ങനെയായിരുന്നില്ല. ഏത് പ്രശ്നം വന്നാലും ഞാൻ എതിരെയുള്ള ആളുടെ കാഴ്ചപ്പാടിൽ കൂടി നോക്കും. അങ്ങനെ നോക്കുമ്പോൾ എനിക്ക് ചെറിയാനോട് വിദ്വേഷമല്ല, എന്തോ ഒരു തെറ്റ് എന്‍റെ ഭാഗത്ത് വന്നു എന്ന മനോഭാവമായിരുന്നു.
ചെറിയാനെപ്പോലെ സജീവ നേതൃത്വത്തിലുള്ള ഒരു വ്യക്തിക്ക് ജയിച്ചുവരാൻ കഴിയുന്ന സീറ്റ് പാർട്ടിക്ക് കൊടുക്കാൻ സാധിക്കാതെ പോയി. തെറ്റ് ചെറിയാന്‍റെ ഭാഗത്തല്ല, ഞാൻ കൂടി ഉൾപ്പെടുന്ന സംവിധാനത്തിന്‍റെ തെറ്റായാണ് ഞാൻ കണ്ടത്. അതുകൊണ്ടുതന്നെ അന്നും ഇന്നും ചെറിയാനോട് വിദ്വേഷമില്ലെന്ന് വ്യക്തമാക്കുകയാണ് -ഉമ്മൻചാണ്ടി പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് നേതാവായ ചെറിയാന്‍ ഫിലിപ് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ജയസാധ്യതയില്ലാത്ത സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം പുല്‍പ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇടതുപിന്തുണയോടെ മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് ഇടതുപക്ഷത്തോടൊപ്പം തുടർന്ന ചെറിയാൻ സമീപനാളുകളിലാണ് അകൽച്ച വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.