ന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിൽക്കാനാഗ്രഹിച്ച ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ ഇനി ഹൃദയങ്ങളിൽ രാഷ്ട്രീയ സൗമ്യതയുടെയും ലാളിത്യത്തിന്‍റെയും മുഖമായി അവശേഷിക്കും. എന്നും ആൾക്കൂട്ടത്തിന് നടുവിലായിരിക്കാനാഗ്രഹിച്ച ആ നേതാവിന് വൻ ജനാവലി വിടപറയും. കേരള രാഷ്ട്രീയത്തിന് എക്കാലവും സൗമ്യദീപ്തി പകരുന്ന ഓർമയാകും ഉമ്മൻചാണ്ടിയെന്ന പേര്.

രോഗം കലശലായി ആശുപത്രിക്കിടക്കയിൽ വീഴുംവരെ ജനങ്ങൾക്കിടയിൽ നിറഞ്ഞുനിൽക്കാൻ ഉമ്മൻ ചാണ്ടി ആഗ്രഹിച്ചു. ജനക്കൂട്ടം ഉമ്മൻ ചാണ്ടിയേയും, ആ നേതാവ് ജനക്കൂട്ടത്തെയും അത്രയേറെ സ്നേഹിച്ചു. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉമ്മൻ ചാണ്ടി എന്നും ജനങ്ങൾക്ക് നടുവിലായിരുന്നു.

ഒരു വിവാദത്തിലും ആടിയുലയാത്ത കപ്പലായിരുന്നു ഉമ്മൻ ചാണ്ടി. അത് നങ്കൂരമിട്ടത് ആയിരങ്ങളുടെ ഹൃദയത്തിലായിരുന്നു. ആർക്കും ഏതുനേരവും വിളിക്കാവുന്ന, എപ്പോഴും സമീപിക്കാവുന്ന, ഏത് പ്രശ്നവും പറയാവുന്ന നേതാവായിരുന്നു അദ്ദേഹം. ജനങ്ങളായിരുന്നു ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ സ്വത്തും ബലഹീനതയും.

 

മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും എവിടെയും പ്രതീക്ഷിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി ബസിൽ, ട്രെയിനിൽ, പത്രക്കെട്ട് കൊണ്ടുപോകുന്ന ബോട്ടിൽ അങ്ങനെ സാധാരണക്കാരുള്ളിടത്തെല്ലാം ഉമ്മൻ ചാണ്ടിയുമുണ്ടായിരുന്നു. വി.ഐ.പി പരിവേഷങ്ങൾ ഉപേക്ഷിച്ചുള്ള യാത്രകളായിരുന്നു അദ്ദേഹത്തിന്‍റെത്. വാച്ച് കെട്ടാത്ത, മുടി കൃത്യമായി വെട്ടിയൊതുക്കാത്ത, സ്വന്തമായി ഖദർ ഷർട്ടും മുണ്ടും വേണമെന്ന് നിർബന്ധമില്ലാത്ത നേതാവ്. സഹായം തേടിച്ചെല്ലുന്ന ഒരാളെയും നിരാശരായി മടക്കാൻ അദ്ദേഹം തയാറല്ലായിരുന്നു.

തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ 11 വര്‍ഷമാണ് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ ഉണ്ടായിരുന്നത്. 18 മാസം തൊഴില്‍ മന്ത്രിയും മൂന്നു മാസം ആഭ്യന്തരമന്ത്രിയും മൂന്നു വര്‍ഷം ധനമന്ത്രിയും ആദ്യം ഒരു വര്‍ഷം മുഖ്യമന്ത്രി. പിന്നീട് അഞ്ച് വര്‍ഷം മുഖ്യമന്ത്രി എന്നിവയാണവ. എന്നാല്‍ അധികാരത്തിലുണ്ടായിരുന്ന കാലഘട്ടങ്ങളിലെല്ലാം ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു ഉമ്മന്‍ ചാണ്ടി തന്‍റെ അധികാരം വിനിയോഗിച്ചതെന്ന് കാലം അടയാളപ്പെടുത്തിയിട്ടുണ്ട്.

അവസാന കാലഘട്ടത്തിൽ ചികിത്സക്കായി ആശുപത്രിയിലേക്ക് പോകുംവരെ ആരവങ്ങൾക്ക് നടുവിലായിരുന്നു ഉമ്മൻ ചാണ്ടി. ആശുപത്രിക്കിടക്കയിൽ മാത്രമാകും അദ്ദേഹം ഏകാന്തത അനുഭവിച്ചിട്ടുണ്ടാവുക. ജനങ്ങളാണ് തന്‍റെ തന്‍റെ ഊർജമെന്നും അവർക്ക് വേണ്ടിയാണ് രാഷ്ട്രീയമെന്നും പ്രഖ്യാപിക്കുകയും അത് യാഥാർഥ്യമാക്കുകയും ചെയ്ത ഒരു നേതാവിന്‍റെ വിയോഗം തീർക്കുന്ന അസാന്നിധ്യത്തിൽ നിന്ന് മലയാളികൾ കരകയറാൻ കാലമേറെയെടുത്തേക്കും. 

Tags:    
News Summary - Oommen chandy will remain in hearts as the face of political gentleness and simplicity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.