വിമര്‍ശനവും സ്വയംവിമര്‍ശനവും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും –ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍: വിമര്‍ശനവും സ്വയംവിമര്‍ശനവും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കണ്ണൂര്‍ ഡി.സി.സി സംഘടിപ്പിച്ച കോണ്‍ഗ്രസ് 131ാം ജന്മദിനവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങളും സ്വയംവിമര്‍ശനങ്ങളും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ പാകത്തിലാകണം.

രാജ്യത്തെ നിരവധി പാര്‍ട്ടികളില്‍ ഒന്നു മാത്രമല്ല രാജ്യത്തെ നിര്‍ണായക നേട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും ഭാഗഭാക്കാണ് കോണ്‍ഗ്രസ്. ലോകം പ്രശംസിച്ച ഭരണഘടന ഉണ്ടാക്കിയ, സ്വാതന്ത്ര്യസമരം മുന്നില്‍നിന്ന് നയിച്ച് സ്വാതന്ത്ര്യം നേടിയെടുത്ത പാര്‍ട്ടിയാണിത്. ഒന്നുമല്ലാത്ത രാജ്യത്തെ എല്ലാമാക്കിത്തീര്‍ത്തതും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസംവിധാനങ്ങളാണ്. പരാജയങ്ങളില്‍ ആത്മവിശ്വാസം നഷ്ടപ്പെടില്ല. പരാജയങ്ങളുണ്ടായാല്‍ കാരണം കണ്ടത്തെിയശേഷം അത് തിരുത്തി ജനങ്ങളെ സമീപിക്കും.

അത്തരം സാഹചര്യങ്ങളില്‍ ജനം ഇരുകൈയും നീട്ടി കോണ്‍ഗ്രസിനെ സ്വീകരിച്ചിട്ടുണ്ട്. നരേന്ദ്ര മോദി വിലക്കയറ്റംകൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുകയായിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്ത സാഹചര്യത്തിലാണ് കറന്‍സി നിരോധനം നടപ്പാക്കിയത്. കറന്‍സി നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവുമെങ്കില്‍ എല്ലാവരും സഹകരിക്കേണ്ട കാര്യമാണ്.

എന്നാല്‍, നിരോധിത കറന്‍സികള്‍ ബാങ്കുകളില്‍ തിരിച്ചത്തെിയതോടെ കള്ളപ്പണം പിടികൂടുകയെന്ന പ്രതീക്ഷപോലും ഇല്ലാതാക്കി. പുതിയ കറന്‍സി ഇറക്കാനോ ബദല്‍ സംവിധാനമേര്‍പ്പെടുത്താനോ കഴിയാതെ നിരോധനം നടപ്പിലാക്കിയ നടപടി ജനങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. കറന്‍സി നിരോധനം വന്നതോടെ രാജ്യത്തെ എല്ലാ മേഖലയും തകര്‍ച്ചനേരിടുകയാണ്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെിയതോടെ സംസ്ഥാനത്ത് റേഷന്‍സംവിധാനം സ്തംഭനാവസ്ഥയിലാണ്. മുന്‍വര്‍ഷങ്ങളില്‍ ഓരോ ജില്ലയില്‍ റേഷന്‍ സ്തംഭനാവസ്ഥയുണ്ടായിട്ടുണ്ടെങ്കിലും ഇത്തരമൊരു സാഹചര്യം ആദ്യമാണ്. ഇത് സര്‍ക്കാറിന്‍െറ പരാജയത്തെയാണ് എടുത്തുകാട്ടുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യുന്നതും വിഴുപ്പലക്കുന്നതും തടയാന്‍ പാര്‍ട്ടി നേതൃത്വം മുന്നോട്ടുവരണമെന്നും പാച്ചേനി പറഞ്ഞു. കെ. സുധാകരന്‍, കെ. സുരേന്ദ്രന്‍, കെ.സി. ജോസഫ് എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. കെ.സി. കടമ്പൂരാന്‍, എ.പി. അബ്ദുല്ലക്കുട്ടി, പ്രഫ. എ.ഡി. മുസ്തഫ, വി.എ. നാരായണന്‍, സുമ ബാലകൃഷ്ണന്‍, സജീവ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. കെ.സി. മുഹമ്മദ് ഫൈസല്‍ സ്വാഗതം പറഞ്ഞു.

Tags:    
News Summary - oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.