ഉമ്മന്‍ ചാണ്ടി ആന്‍റണിയെ കണ്ട് അമര്‍ഷം അറിയിച്ചു

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റ് നിയമനത്തില്‍ എ ഗ്രൂപ് തഴയപ്പെട്ടതിലെ അമര്‍ഷം തലസ്ഥാനത്തുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണിയെ ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച നേരില്‍ കണ്ട് അറിയിച്ചു. ഇതിനു പിന്നാലെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി എത്രയും വേഗം വിളിക്കണമെന്നാവശ്യപ്പെട്ട്  ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ് നേതാവുമായ ബെന്നി ബഹനാന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് കത്ത് നല്‍കി.
ഡി.സി.സി പ്രസിഡന്‍റ് നിയമനത്തില്‍ ആരും പരാതി അറിയിച്ചിട്ടില്ളെന്ന് കഴിഞ്ഞദിവസം ആന്‍റണി പറഞ്ഞിരുന്നു. അര്‍ഹമായ വിഹിതം നല്‍കാതെ തഴഞ്ഞതില്‍ അമര്‍ഷമുള്ള എ ഗ്രൂപ്പിനെ ആന്‍റണിയുടെ പ്രസ്താവന കൂടുതല്‍ ചൊടിപ്പിച്ചു.
തുടര്‍ന്നാണ് ഗ്രൂപ്പിന്‍െറ വികാരം ഉമ്മന്‍ ചാണ്ടി ആന്‍റണിയെ അറിയിച്ചത്. കൂടിക്കാഴ്ചയില്‍ പ്രശ്നപരിഹാരത്തിന് സഹായകമായ ഒരു നിര്‍ദേശവും ഉണ്ടാകാത്ത സാഹചര്യത്തില്‍ ഗ്രൂപ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് എ പക്ഷത്തിന്‍െറ തീരുമാനം.
നോട്ട് പിന്‍വലിക്കല്‍ സംസ്ഥാനത്താകെ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പരിപാടികളും നയവും രൂപവത്കരിക്കാന്‍ രാഷ്ട്രീയകാര്യസമിതി അടിയന്തരമായി വിളിക്കണമെന്നാണ് ബെന്നി ബഹനാന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കെ.പി.സി.സിയെ വെട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയകാര്യസമിതി യോഗം വിളിച്ചാല്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ളെന്ന് ഉറപ്പാണ്. അദ്ദേഹം പങ്കെടുത്തില്ളെങ്കില്‍ പുതിയ വിവാദത്തിന് വഴിവെക്കും. അതിനാല്‍ യോഗത്തിന് മുമ്പ് ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ കെ.പി.സി.സി നിര്‍ബന്ധിതമാകും. ഇത് മുന്നില്‍കണ്ടാണ് ബെന്നി ബഹനാന്‍െറ കത്ത്. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ സമയം ലഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും യോഗം വിളിക്കാമെന്നാണ് ബെന്നിയെ സുധീരന്‍ അറിയിച്ചത്. അതിനിടെ ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ അദ്ദേഹത്തിന്‍െറ അടുപ്പക്കാരായ എം.എം. ഹസന്‍, കെ.സി. ജോസഫ് എന്നിവരുമായി സുധീരന്‍ അനൗപചാരിക ചര്‍ച്ച നടത്തി. അതും ഫലം കണ്ടിട്ടില്ല.

Tags:    
News Summary - oommenchandy antony meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.