'ഓപറേഷൻ ജാസൂസ്'; കോട്ടയം ആർ.ടി ഓഫിസിൽനിന്ന് 36,050 രൂപ പിടികൂടി

കോട്ടയം: ഏജന്‍റുമാർ മുഖേന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ ജില്ലയിലെ ആർ.ടി ഓഫിസുകളിൽ വിജിലൻസ് പരിശോധന. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി ആർ.ടി ഓഫിസുകളിലായിരുന്നു മിന്നൽ പരിശോധന.

ആർ.ടി ഓഫിസുകളിലും ഏജന്‍റുമാരുടെ ഓഫിസുകളിലും ഒരേ സമയമായിരുന്നു മിന്നൽ പരിശോധന. കോട്ടയം ആർ.ടി ഓഫിസിൽ നടന്ന പരിശോധനയിൽ ഇവിടെയുണ്ടായിരുന്ന ഏജന്‍റുമാരുടെ പക്കൽനിന്ന് കൃത്യമായ രേഖകളില്ലാത്ത 36,050 രൂപ പിടിച്ചെടുത്തു. ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപ നൽകിയതായും പരിശോധനയിൽ വ്യക്തമായി.

ചങ്ങനാശ്ശേരി ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥന് ഡ്രൈവിങ് സ്കൂൾ ഏജന്‍റുമാർവഴി ഗൂഗിൾ പേയിലൂടെ 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആർ.ടി ഓഫിസിലെ ഒരു വെഹിക്കിൾ ഇൻസ്പെക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് വിവിധ ഡ്രൈവിങ് സ്കൂൾ ഏജന്‍റുമാർ 15,790 രൂപ നൽകിയതായും വെള്ളിയാഴ്ച മിന്നൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും വിജിലൻസ് അറിയിച്ചു.

മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് 'പരിവാഹൻ' എന്ന സോഫ്റ്റ് വെയർ മുഖേനയാണ് നിലവിൽ അപേക്ഷ സ്വീകരിക്കുന്നത്. ഓൺലെൻ അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം ഫിസിക്കൽ കോപ്പിയും സമർപ്പിക്കേണ്ടതായിട്ടുണ്ട്.

ഈ അവസരത്തിലും നേരിട്ട് വാഹന പരിശോധന നടത്തേണ്ട സന്ദർഭങ്ങളിലും ഉദ്യോഗസ്ഥർ ഏജന്‍റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

പൊതുജനങ്ങൾ നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകൾ മനഃപൂർവം താമസിപ്പിക്കുന്നതായും നിരസിക്കുന്നതായും പരാതികൾ ഉയർന്നിരുന്നു. ഏജന്‍റുമാരും ഉദ്യോഗസ്ഥരും തമ്മിൽ അവിഹിതകൂട്ടുകെട്ടുണ്ടെന്നും പരാതിയുണ്ടായിരുന്നു.

ഏജന്‍റുമാർ മുഖാന്തരം സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതായും ആക്ഷേപങ്ങളുണ്ടായിരുന്നു.

ഉദ്യോഗസ്ഥർക്കുവേണ്ടി പണപ്പിരിവ് നടത്തുന്ന ഏജന്‍റുമാരിൽ പലരും ആർ.ടി ഓഫിസിലെ റെക്കോഡുകൾ അനധികൃതമായി സൂക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നേരിട്ട് രജിസ്റ്റേർഡ് തപാലിൽ അയച്ചുകൊടുക്കണമെന്ന് നിഷ്കർഷിക്കുന്ന രേഖകൾ ഏജന്‍റുമാരെ ഏൽപിക്കുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. മിന്നല്‍ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ വിശദമായ തുടർപരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു. 

അ​റി​യി​ക്കാം...

പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ അ​ഴി​മ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ വി​ജി​ല​ൻ​സി‍െൻറ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 1064, 8592900900 ന​മ്പ​റു​ക​ളി​ലോ വാ​ട്സ് ആ​പ് ന​മ്പ​റാ​യ 9447789100 എന്നതി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാം അ​റി​യി​ച്ചു.

Tags:    
News Summary - Operation Jasoos-36,050 was seized from Kottayam RT office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.