തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണകള്ളക്കടത്തിന് കൂട്ടുനിൽക്കുന്നത് മലയാളികൾക്ക് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യങ്ങളെല്ലാം ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരാൻ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു. 'മീഡിയ വൺ' ചാനലിെൻറ ബ്രേക്ക് ഫാസ്റ്റ് ന്യൂസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക ജനത ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നാടാണ് കേരളം. അതിനാൽ തന്നെ ഇവിടുത്തെ ഭരണകൂടവും മാതൃകയാവേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും കള്ളക്കടത്തിനും കൂട്ടുനിൽക്കുന്ന അവസ്ഥയുണ്ടാകുമ്പോൾ അത് മുഖ്യമന്ത്രി അറിയേണ്ടതല്ലേ എന്നും സ്വന്തം ഓഫീസ് ഭരിക്കാൻ അറിയാത്ത മുഖ്യമന്ത്രിക്ക് നാട് ഭരിക്കാൻ എങ്ങനെ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ മുഖ്യമന്ത്രി തയാറാവുന്നില്ല. പ്രതിപക്ഷ നേതാവിെൻറ പ്രത്യേക മാനസികാവസ്ഥ കാരണമാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും കേരളത്തിലെ ജനങ്ങളുടെ മാനസികാവസ്ഥയാണ് തെൻറ മാനസികാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തു കേസിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ തയാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വർണക്കള്ളക്കടത്ത്, തീവ്രവാദ പ്രവർത്തനം, രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതിയെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ പോലുള്ള ഷെഡ്യൂൾഡ് ക്രൈമിൽപെട്ട വിഷയങ്ങളാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. എന്നാൽ നാല് വർഷമായി മുഖ്യമന്ത്രിയുടെയും എം. ശിവശങ്കറിെൻറയും നേതൃത്വത്തിൽ ഒപ്പിട്ട രാജ്യാന്തര കരാറുകൾ, നിയമനങ്ങൾ, ഒപ്പുവെച്ച് മറ്റ് ഉടമ്പടികൾ, മറ്റിടപാടുകൾ തുടങ്ങിയവയാണ് സി.ബി.ഐ അന്വേഷിക്കേണ്ടത്. ഇക്കാര്യങ്ങൾ ചീഫ് സെക്രട്ടറി അന്വേഷിച്ചാൽ എന്ത് പുറത്തു വരാനാണ്. ചീഫ് സെക്രട്ടറിയുടെ അന്വേഷണം ആരും വിശ്വസിക്കില്ല. ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയുമാണ് നാല് വർഷമായി നടന്നത്. അതേക്കുറിച്ച് സമഗ്രമായ സി.ബി.ഐ അന്വേഷണം വേണം. അതുവരെ മുഖ്യമന്ത്രി രാജി വെക്കണമെന്നാണ് യു.ഡി.എഫിെൻറ ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രി രാജി വെക്കണമെന്നും സ്വർണക്കള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള യു.ഡി.എഫിെൻറ പ്രതിഷേധ സമരം 'സ്പീക്ക് അപ് കേരള' കാമ്പയിനിന് തിങ്കളാഴ്ച തുടക്കമായി. യു.ഡി.എഫ് എം.എൽ.എമാരും എം.പിമാരും നേതാക്കളും വീടുകളിലും പാർട്ടി ഓഫീസുകളിലുമായി സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.