മുഖ്യമന്ത്രി പദവിക്ക് ചേരാത്ത വര്‍ത്തമാനം പറഞ്ഞാല്‍ അതേ നാണയത്തില്‍ മറുപടി നല്‍കും - വി.ഡി.സതീശൻ

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്ന് പറയുന്ന മുഖ്യമന്ത്രി നടത്തിയത് കലാപഹ്വാനമാണ്. പൊലീസ് വധശ്രമത്തിന് കേസെടുത്ത സംഭവത്തിൽ ക്രിമിനല്‍ മനസുള്ള ആള്‍ക്കല്ലാതെ ആര്‍ക്കാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളിയുടെ മകനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു. മറ്റൊരാള്‍ ഐ.സിയുവിലാണ്. ഹെല്‍മറ്റ് കൊണ്ടുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈ ഒടിഞ്ഞു. ഇത്രയും ക്രൂരമായി മര്‍ദ്ദിച്ചിട്ടും, ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആ കസേരയില്‍ ഇരുന്ന് ഇതുപോലുള്ള വര്‍ത്തമാനം പറഞ്ഞപ്പോള്‍ സൗമ്യമായി സംസാരിക്കുന്ന എന്റെ ഭാഷയില്‍ പോലും മാറ്റമുണ്ടായി. ഇനിയും ഇതുപോലെ പെരുമാറിയില്‍ ഇതുപോലുള്ള കടുത്ത ഭാഷ പ്രയോഗിക്കേണ്ടി വരുമെന്ന് വി.ഡി.സതീശൻ മുന്നറിയിപ്പ് നൽകി.

ഒരു കാരണവും ഇല്ലാതെ കരുതല്‍ തടങ്കലില്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് കല്യാശേരിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. ഖദര്‍ ഇട്ടവരെയൊക്കെ കരുതല്‍ തടങ്കലിലാക്കാന്‍ പിണറായി എന്താ രാജാവാണോയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കൊല്ലാന്‍ ശ്രമിച്ചവരാണ് ആത്മഹത്യാ സ്‌ക്വാഡെന്നും ചാവേര്‍ എന്നുമൊക്കെ പറയുന്നത്. മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ്. ഒന്നും സഹിക്കാന്‍ പറ്റില്ല. സ്വന്തം കേന്ദ്ര കമ്മിറ്റി അംഗം അഞ്ച് മിനിട്ട് കൂടുതല്‍ സംസാരിച്ചതിന് വിമര്‍ശിച്ച മുഖ്യമന്ത്രിയാണ് എന്നെ വിമര്‍ശിക്കുന്നത്.

നവകേരള സദസ് വലിയ വിജയമാണെന്നും പ്രതിപക്ഷത്തിന് വിഭ്രാന്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആണ്ടി വലിയ അടിക്കാരനാണ്, ആണ്ടി വലിയ സംഭവമാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ് മുഖ്യമന്ത്രിയും സംസാരിക്കുന്നത്. നവകേരള യാത്ര വിജയമാണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഡി.ഇ.ഒയെ പേടിപ്പിച്ച് സ്‌കൂള്‍ കുട്ടികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവര്‍ക്കര്‍മാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് നവകേരള സദസ് വന്‍വിജയമാണെന്ന് പറയുന്നതെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.

നാലു ദിവസത്തിനിടെ 42000 പരാതിയാണ് ലഭിച്ചത്. പരാതി കൂടുമ്പോള്‍ മുഖ്യമന്ത്രിക്ക് വലിയ സന്തോഷമാണ്. ഒന്നും നടക്കാത്തത് കൊണ്ടാണ് പരാതിയുടെ എണ്ണം കൂടുന്നത്. ഭരണസിരാകേന്ദ്രത്തില്‍ മന്ത്രിമാര്‍ ഇല്ലാത്ത അവസ്ഥയാണ്. പല ജില്ലകളിലും മഴപെയ്തിട്ടും രക്ഷാപ്രവര്‍ത്തനങ്ങള്‍ പോലും കൃത്യമായി നടക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.

വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാക്കിയത് സി.പി.എമ്മാണ്. വ്യാജ ഐ.ഡി കാര്‍ഡുകളുണ്ടാക്കിയാണ് സഹകരണബാങ്കുകളിലെ ഭരണം സി.പിഎം പിടിച്ചെടുത്തത്. പത്തനംതിട്ടയില്‍ മാത്രം 18 ബാങ്കുകള്‍ പിടിച്ചെടുത്തു. കെ സുരേന്ദ്രന്റെ പരാതിയിലാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. കെ സുരേന്ദ്രനെതിരെ കുഴപ്പണ ഇടപാടില്‍ കേസില്ല. കോടതിയില്‍ ഹാജരായാല്‍ ഉടന്‍ ജാമ്യം നല്‍കുന്നു. എന്നിട്ടാണ് സുരേന്ദ്രന്‍ കൊടുത്ത പരാതിയില്‍ സ്പീഡിലുള്ള അന്വേഷണം. സുരേന്ദ്രന്റെ പരാതിയില്‍ കേസെടുത്ത് ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ സന്ധി ചെയ്ത് കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനെ രാഷ്ട്രീയമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    
News Summary - Opposition Leader V. D. Satheesan against Chief Minister Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.